ന്യൂഡൽഹി: കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ പ്രധാന ഹർജി സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. കൂടുതൽ കടം എടുക്കാൻ കേരളത്തിന് നിലവിൽ അനുവാദമില്ലെന്നും തൽക്കാലം കടമെടുപ്പിന് കേന്ദ്രത്തിന്റെ നിബന്ധന പാലിക്കണമെന്നുമാണ് സുപ്രീം കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.
ഒരു വർഷം അധിക കടം എടുത്താൽ അടുത്ത വർഷത്തിൽ നിന്ന് കുറയ്ക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും കോടതി അറിയിച്ചു. കിഫ്ബി വഴി എടുത്ത കടം പൊതു കടത്തിൽ ഉൾപ്പെടുത്തിയ കേന്ദ്ര നടപടിയും കേരളം സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിരുന്നു. കടമെടുക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കുന്ന ഭരണഘടനയുടെ 293 -ാം അനുച്ഛേദവുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥൻ എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ച് വിശദമാക്കി.
കടമെടുക്കാനുള്ള സംസ്ഥാന അവകാശത്തിൽ കേന്ദ്രത്തിന് എത്രത്തോളം ഇടപെടാം എന്ന് ഭരണഘടന ബഞ്ച് പരിഗണിക്കും. ഹർജി ഉയർത്തുന്ന ആറ് ചോദ്യങ്ങളാണ് അഞ്ചംഗ ഭരണഘടന ബഞ്ചിന് വിട്ടത്. പൊതുകടത്തിൽ എന്തൊക്കെ ഉൾപ്പെടുത്തണം എന്നതിലും അഞ്ചംഗ ബഞ്ച് വാദം കേൾക്കും. കേരളത്തിന് 13600 കോടി രൂപ കേന്ദ്രം നൽകാൻ തയ്യാറായി. 5000 കോടി കൂടി നൽകാം എന്ന വാഗ്ദാനവും കിട്ടി. ഈ സാഹചര്യത്തിൽ ഇടക്കാല ആശ്വാസത്തിന് ഉത്തരവിടാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

