ഇന്ത്യയിൽ നിലവിലുള്ള ടോൾ സമ്പ്രദായം അവസാനിപ്പിച്ച് ഉപഗ്രഹ അധിഷ്ഠിത ടോൾ പിരിവ് സംവിധാനം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. ടോൾ പ്ലാസകളിൽ ഉപഗ്രഹാധിഷ്ഠിതമായി പുതിയ സേവനം കൊണ്ടുവരുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഫാസ്ടാഗിനെക്കാളും വേഗതയുള്ളതായിരിക്കും പുതിയ സേവനമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആളുകളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം കുറയ്ക്കുമെന്നും അവർ സഞ്ചരിക്കുന്ന ദൂരത്തിന് അനുസൃതമായി തുക ഈടാക്കുമെന്നും ഗഡ്കരി അറിയിച്ചു. എന്നാൽ പുതിയ സേവനം എപ്പോൾ ലോഞ്ച് ചെയ്യും എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
2020 ഡിസംബറിൽ, ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോളിംഗ് സംവിധാനം നടപ്പിലാക്കാനുള്ള പദ്ധതികൾ നിതിൻ ഗഡ്കരി വിശദീകരിച്ചിരുന്നു. അതേസമയം ഈ സംവിധാനം നിലവിൽ വന്നാൽ സ്വകാര്യതയെ ബാധിക്കുമെന്ന വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.

