ന്യൂഡൽഹി: തുടർച്ചയായി ആദായ നികുതി വകുപ്പ് നോട്ടീസുകൾ നൽകുന്ന വിഷയം സുപ്രീം കോടതിയിൽ പരാമർശിക്കാനൊരുങ്ങി കോൺഗ്രസ്. നാളെയാണ് വിഷയം സുപ്രീംകോടതിയിൽ കോൺഗ്രസ് പരാമർശിക്കാനൊരുങ്ങുന്നത്.
ആകെ മൂവായിരത്തി അഞ്ഞൂറ്റി അറുപത്തിയേഴ് കോടിയുടെ നോട്ടീസാണ് ആദായ നികുതി വകുപ്പ് നൽകിയിരിക്കുന്നതെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് 1744 കോടിയുടെ നോട്ടീസ് ആദായ നികുതി വകുപ്പ് കോൺഗ്രസിന് നൽകിയത്.
2014 മുതൽ 2017 വരെയുള്ള നികുതിയും പിഴയും ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. അതേസമയം, തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന കേന്ദ്ര ഏജൻസി നീക്കം ചട്ടലംഘനമാണെന്ന് കോൺഗ്രസ് കോടതിയിൽ വാദിക്കുമെന്നാണ് വിവരം. ബിജെപിയിൽ നിന്ന് നികുതി പിരിക്കാത്ത കാര്യവും കോൺഗ്രസ് ഉന്നയിക്കും.

