തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി പൂക്കോട് ഗവ. വെറ്ററിനറി കോളേജിലെ വിദ്യാർഥി സിദ്ധാർഥന്റെ കുടുംബം. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന സർക്കാർ അട്ടിമറിച്ചെന്ന് കുടുംബം ആരോപിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞുപറ്റിച്ചതായി സിദ്ധാർഥന്റെ പിതാവ് ജയപ്രകാശ് പറഞ്ഞു. സിദ്ധാർഥന്റെ 41 ദിവസ മരണാനന്തര ചടങ്ങിന് ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു കുടുംബം.
കേസിൽ പോലീസിന്റെ അന്വേഷണവും സിബിഐയ്ക്ക് കൈമാറേണ്ട പ്രധാന വിവരങ്ങളും സർക്കാർ അട്ടിമറിച്ചു. സിബിഐ അന്വേഷണം വൈകിപ്പിച്ചതിൽ മൂന്ന് പേരെ സസ്‌പെൻസ് ചെയ്തത് പ്രഹസനമാണ്. റാഗിങ് വിരുദ്ധ സമിതിയുടെ റിപ്പോർട്ടിൽ നടപടി ഉണ്ടായില്ല. കേസിലെ പ്രതിയായ അക്ഷയിയെ ഇതുവരെ അറസ്റ്റുചെയ്തിട്ടില്ല. എസ്എഫ്‌ഐ നേതാവ് അർഷോ നിരന്തരം കോളേജിൽ എത്തിയിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം വേണം. അർഷോയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്നും സിദ്ധാർഥനെതിരെ പരാതി കൊടുത്ത പെൺകുട്ടിയേയും കേസിൽ പ്രതി ചേർക്കണമെന്നും ജയപ്രകാശ് വ്യക്തമാക്കി.
നടപടി ഉണ്ടായില്ലെങ്കിൽ ക്ലിഫ് ഹൗസിന് മുന്നിൽ സമരം ചെയ്യും. ഭാര്യയുടെ ആരോഗ്യസ്ഥിതി മെച്ചമാകുന്ന മുറയ്ക്ക് നടപടി ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം ആരംഭിക്കും. സിബിഐ അന്വേഷണം വൈകുന്നു എന്നതിനല്ല സമരം ചെയ്യുന്നത്, മറിച്ച് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന് എതിരെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

