കനത്ത ചൂട്; സംസ്ഥാനത്തെ കോഴി കർഷകർ പ്രതിസന്ധിയിൽ

കോട്ടയം: സംസ്ഥാനത്ത് ചൂട് വർദ്ധിച്ചതോടെ കോഴി കർഷകരും പ്രതിസന്ധിയിലായിരിക്കുകയാണ്. ചൂട് താങ്ങാനാവാതെ കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങുകയാണ്. വിപണിയിൽ കോഴിയുടെ ലഭ്യത കുറഞ്ഞതോടെ കോഴി ഇറച്ചിയുടെ വിലയിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഒരു മാസത്തിനിടെ അമ്പത് രൂപയോളമാണ് വർദ്ധിച്ചത്.

ഇടത്തരം കോഴി കർഷകരുടെ പ്രതിസന്ധി സംസ്ഥാനത്തെ വിപണിയിൽ കോഴിയുടെ ലഭ്യത കുറയാൻ ഇടയാക്കിയിരിക്കുകയാണ്. അതുകൊണ്ടാണ് ഒരു മാസത്തിനിടയിൽ കോഴി വില അമ്പത് രൂപയോളം വർദ്ധിച്ചത്. സംസ്ഥാനത്ത് പലയിടത്തും ഇറച്ചിക്കോഴി കിലോയൊന്നിന് 170 രൂപ കടന്നിട്ടുണ്ട്. പക്ഷേ അതിന്റെ പ്രയോജനം കിട്ടുന്നില്ലെന്ന് കർഷകർ പറയുന്നത്. ചൂട് കൂടിയാൽ വരും ദിവസങ്ങളിലും കോഴി കർഷകർ പ്രതിസന്ധിയിലാകും. അങ്ങനെ സംഭവിക്കുകയാണെങ്കിൽ കോഴിയുടെ വില ഇനിയും ഉയരും.

കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളരെ കഷ്ടപ്പെട്ട് വളർത്തി മുപ്പത് മുപ്പത്തഞ്ച് ദിവസങ്ങൾ പിന്നിടുമ്പോഴേക്കും ചൂട് താങ്ങാനാവാതെ ഇവ ചത്ത് വീഴുകയാണെന്നാണ് കർഷകർ പറയുന്നത്. ആയിരം കുഞ്ഞുങ്ങളെ വളർത്താനിട്ടാൽ ഇരുനൂറെണ്ണം വരെ ചത്തു പോകുന്ന അവസ്ഥയാണിപ്പോഴെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.