ന്യൂഡൽഹി: കോൺഗ്രസിന് വീണ്ടും നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്. ഭീമമായ തുക പിഴ ചുമത്തിയതിനെതിരെ കോടതിയെ സമീപിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ഇന്ത്യ സഖ്യത്തിന്റെ റാലി വ്യക്തി കേന്ദ്രീകൃതമല്ലെന്നും, ആദായ നികുതി വകുപ്പിന്റെ നടപടിയടക്കം ചോദ്യം ചെയ്യുമെന്നും കോൺഗ്രസ് വ്യക്തമാക്കി
1823 കോടി രൂപ അടയ്ക്കാൻ നോട്ടീസ് നൽകിയതിന് പിന്നാലെ കഴിഞ്ഞ ദിവസം രാത്രി രണ്ട് നോട്ടീസുകൾ കൂടി കോൺഗ്രസിന് ആദായ നികുതി വകുപ്പ് നൽകിയിരുന്നു. 2020-21, 2021 -22 സാമ്പത്തിക വർഷങ്ങളിലെ പിഴയും പലിശയുമടക്കം തുക അടക്കാനാണ് നിർദ്ദേശം. അതേസമയം, തുക എത്രയെന്നത് സംബന്ധിച്ച വിവരങ്ങൾ പാർട്ടി പുറത്ത് വിട്ടിട്ടില്ല.
തിങ്കളാഴ്ച കോൺഗ്രസ് സുപ്രീംകോടതിയിൽ ഹർജി നൽകുക ആദായ നികുതി വകുപ്പ് നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരിക്കും. മുപ്പത് വർഷം മുൻപുള്ള നികുതി ഇപ്പോൾ ചോദിക്കുന്നത് ഹർജിയിൽ ചോദ്യം ചെയ്യും. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന കേന്ദ്ര ഏജൻസി നീക്കം ചട്ടലംഘനമാണെന്ന് കോൺഗ്രസ് കോടതിയിൽ വാദിക്കുമെന്നാണ് വിവരം. ബിജെപിയിൽ നിന്ന് നികുതി പിരിക്കാത്ത കാര്യവും കോൺഗ്രസ് ഉന്നയിക്കും.

