തൃശൂർ: തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മതചിഹ്നങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് പരാതി ലഭിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാണിച്ച് എൽഡിഎഫാണ് പരാതി നൽകിയത്.
തിരഞ്ഞെടുപ്പ് കമ്മീഷൻ സുരേഷ് ഗോപിയോട് പരാതിയിൽ വിശദീകരണം തേടി. ജില്ലയിലെ മുഖ്യ വരണാധികാരി കൂടിയായ ജില്ലാ കളക്ടറാണ് വിശദീകരണം തേടീയത്. സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയത് സിപിഐ ജില്ലാ സെക്രട്ടറിയും എൽഡിഎഫ് തൃശൂർ പാർലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെ കെ വത്സരാജാണ്. ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പരാതി.
സ്ഥാനാർത്ഥിയുടെ അഭ്യർത്ഥനയിൽ അവശ്യം വേണ്ട പ്രിന്റിങ് ആൻഡ് പബ്ലിഷിങ് സംബന്ധിച്ച വിശദാംശങ്ങൾ ഇല്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വ്യാപകമായി മതചിഹ്നങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

