മുകേഷ് അംബാനിയും ഗൗതം അദാനിയും ബിസിനസിൽ പങ്കാളികളാകുന്നു; ധാരണാപത്രത്തിൽ ഒപ്പിട്ടു

ന്യൂഡൽഹി: മുകേഷ് അംബാനിയും ഗൗതം അദാനിയും ബിസിനസിൽ പങ്കാളികളാകുന്നു. ആദ്യമായി ആണ് ഇരുവരും ബിസിനസ്സിൽ പങ്കാളികളാകാൻ ഒരുങ്ങുന്നത്. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മധ്യപ്രദേശിലെ വൈദ്യുത പ്ലാന്റിൽ 26 ശതമാനം ഓഹരി വാങ്ങാൻ റിലയൻസ് ഇൻഡസ്ട്രീസ് കഴിഞ്ഞദിവസം ധാരണയിലെത്തിയിരുന്നു. ആഭ്യന്തര ആവശ്യങ്ങൾക്ക് പ്ലാന്റിലെ 500 മെഗാവാട്ട് വൈദ്യുതി ഉപയോഗിക്കാനും റിലയൻസ് ഇൻഡസ്ട്രീസ് ധാരണ പത്രത്തിൽ ഒപ്പുവച്ചിട്ടുണ്ട്.

അദാനി പവറിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള മഹാൻ എനർജൻ ലിമിറ്റഡിലെ അഞ്ചു കോടി ഓഹരികൾ റിലയൻസ് ഇൻഡസ്ട്രീസ് വാങ്ങും. 50 കോടി രൂപയുടെ ഇടപാടാണ് ഇവിടെ നടക്കുന്നത്. 600 മെഗാ വാട്ട് ശേഷിയുള്ള എംഇഎല്ലിന്റെ മഹൻ താപവൈദ്യുതനിലയത്തിന്റെ ഒരു യൂണിറ്റും വരാനിരിക്കുന്ന 2800 മെഗാവാട്ട് ശേഷിയും റിലയൻസിന് ലഭിക്കണമെങ്കിൽ കുറഞ്ഞത് 26% ഉടമസ്ഥാവകാശം ഉണ്ടായിരിക്കണം. ഗുജറാത്തിലും മഹാരാഷ്ട്രയിലും എണ്ണ ശുദ്ധീകരണത്തിനും പെട്രോൾ കെമിക്കൽ കോംപ്ലക്സുകൾക്കും വേണ്ടിയായിരിക്കും റിലയൻസ് ഏറ്റെടുത്ത വൈദ്യുതിയുടെ പ്രത്യേക ഉപയോഗം എന്നാണ് പുറത്തുവരുന്ന വിവരം. ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.