സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ തട്ടിപ്പ്; ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ തട്ടിപ്പ് വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ആലത്തൂരിലെ എൻഡിഎ സ്ഥാനാർഥി ടി എൻ സരസുവിനെ ഫോണിൽ വിളിച്ചപ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ തട്ടിപ്പ് വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

എൻഡിഎ വനിതാ സ്ഥാനാർഥികളെ ഫോണിൽ വിളിച്ച് തിരഞ്ഞെടുപ്പ് വിവരങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ടി എൻ സരസുവുമായി പ്രധാനമന്ത്രി സംസാരിച്ചത്. ഈ സംഭാഷണ വേളയിൽ കേരളത്തിൽ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ ക്രമക്കേട് സംബന്ധിച്ച വിഷയം സരസുവാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതുസംബന്ധിച്ച ചില വിവരങ്ങൾ തന്റെ പക്കലുണ്ടെന്നുമായിരുന്നു ഇതിന് നൽകിയ മറുപടി. സഹകരണ ബാങ്കുകളിൽ നിന്ന് ഇഡി പിടിച്ചെടുത്ത പണം അർഹതപ്പെട്ടവർക്ക് തിരികെ നൽകുമെന്നും അതിനുള്ള നിയമോപദേശം തേടുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

സാധാരണക്കാരുടെ വിഷയം ഉന്നയിച്ചതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം സരസുവിനോട് വ്യക്തമാക്കി.