ജെസ്ന തിരോധാനക്കേസ്; ഹർജിയിൽ മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സിബിഐ

തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസുമായി ബന്ധപ്പെട്ട് പിതാവ് സമർപ്പിച്ച ഹർജിയിൽ മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സിബിഐ. ജെസ്ന കേസിൽ അന്വേഷണം അവസാനിപ്പിച്ചതിനെതിരെ പിതാവ് ജെയിംസ് ജോസഫ് നൽകിയ ഹർജിയിൽ വിശദീകരണം നൽകാനാണ് സിബിഐ. കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രിൽ അഞ്ചിന് കേസ് കോടതി വീണ്ടും പരിഗണിക്കും.

സുപ്രധാനമായ ഒട്ടേറെകാര്യങ്ങൾ ജെസ്ന കേസിൽ സിബിഐ. അന്വേഷിച്ചില്ലെന്നാണ് ജെസ്‌നയുടെ പിതാവ് ഹർജിയിൽ ആരോപിക്കുന്നത്. ജെസ്നയുടെ സുഹൃത്തുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ അന്വേഷണം നടത്തിയില്ല. കാണാതാകുന്നതിന് മുൻപ് ജെസ്ന എൻഎസ്എസ് ക്യാമ്പിൽ പങ്കെടുത്തിരുന്നു. എന്നാൽ, ഇതുസംബന്ധിച്ചും അന്വേഷമുണ്ടായില്ല. ജെസ്നയ്ക്ക് അമിത രക്തസ്രാവമുണ്ടായത് സംബന്ധിച്ചും വിശദമായ അന്വേഷണം നടന്നില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.

അതേസമയം, ജെസ്ന കേസിൽ കക്ഷിചേർക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശിയും തിരുവനന്തപുരം സിജെഎം കോടതിയിൽ ഹർജി നൽകിയിരുന്നു. മറ്റൊരു കേസിൽ ജയിലിൽ കഴിയുന്നതിനിടെ ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ കോടതിയിൽ പറയാനാകുമെന്നുമാണ് ഇയാളുടെ ഹർജിയിൽ പറയുന്നത്. അതിനാൽ കേസിൽ കക്ഷിചേർക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.