ന്യൂഡൽഹി: ഫിലിപ്പീൻസിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ. ദക്ഷിണ ചൈന കടലിൽ ചൈന തുടരുന്ന നടപടികൾക്കെതിരെ ഫിലിപ്പീൻസ് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫിലിപ്പീൻസിന് ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചത്.
ഫിലിപ്പീൻസ് വിദേശകാര്യ സെക്രട്ടറി എന്റിക് മനാലോയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കുടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അദ്ദേഹം ഇന്ത്യയുടെ നിലപാട് അറിയിച്ചത്. അടുത്തിടെയായി ഇന്ത്യയും ഫിലിപ്പീൻസും തമ്മിൽ സുരക്ഷാപ്രതിരോധ മേഖലകളിൽ സഹകരണം വർധിച്ചിരുന്നു. ഫിലിപ്പീൻസ് ആയിരുന്നു ഇന്ത്യയും റഷ്യയും ചേർന്ന് നിർമ്മിച്ച ബ്രഹ്മോസ് മിസൈലിന്റെ ആദ്യ ഉപഭോക്താവ്. ദേശീയ പരമാധികാരം ഉയർത്തിപ്പിടിക്കുന്നതിനുള്ള ഫിലിപ്പീൻസിന്റെ ശ്രമങ്ങൾക്കുള്ള പിന്തുണ ഊട്ടിയുറപ്പിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് ജയശങ്കർ പറഞ്ഞു.
സമുദ്ര നിയമങ്ങളെ കുറിച്ചുള്ള യുഎൻ ഉടമ്പടി പാലിക്കാൻ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരാണെന്നും അദ്ദേഹം അറിയിച്ചു. യു എൻ സമുദ്ര നിയമങ്ങളെ ജയശങ്കർ സമുദ്ര ഭരണഘടന എന്നാണ് വിശേഷിപ്പിച്ചത്.
ഫിലിപ്പീൻസിന്റെ നിയമാനുസൃത സമുദ്ര പ്രവർത്തനങ്ങൾക്കെതിരെ ചൈന നടത്തുന്ന അപകടകരമായ പ്രവർത്തനങ്ങളെ യുഎസും അപലപിച്ചിരുന്നു. ഇതിനിടെ ഇന്ത്യയുടെ നിലപാടിൽ ചൈന അതൃപ്തി രേഖപ്പെടുത്തി. രണ്ട് രാജ്യങ്ങൾക്കിടയിലുള്ള സമുദ്ര അതിർത്തി പ്രശ്നങ്ങളിൽ മൂന്നാമതൊരു രാജ്യത്തിന് ഇടപെടാനുള്ള അധികാരം ഇല്ലെന്നായിരുന്നു ചൈനീസ് വക്താവ് ലിൻ ജിയാൻ അറിയിച്ചത്.

