മാസപ്പടി കേസ്; അന്വേഷണം നടത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെടുന്ന ‘മാസപ്പടി’ കേസിൽ അന്വേഷണം നടത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രാഥമിക പരിശോധന നടത്തിയ ശേഷം നടപടികളിലേക്ക് കടക്കുകയാണ് എൻഫോഴ്‌സ്‌മെന്റ്. കൊച്ചി യൂണിറ്റിൽ ഇസിഐആർ രജിസ്റ്റർ ചെയ്തു.

മാസപ്പടി കേസിൽ എസ്എഫ്‌ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ) അന്വേഷണം നടന്നുവരികയാണ്. ഇതിനിടെയാണ് ഇഡി അന്വേഷണവും ആരംഭിക്കാനൊരുങ്ങുന്നത്. എസ്എഫ്‌ഐഒ അന്വേഷണ പരിധിയിലുൾപ്പെടുന്നവരെല്ലാം ഇഡിയുടെ പരിധിയിലും ഉൾപ്പെടുകയാണ്.

വീണ വിജയന്റെ ഉടമസ്ഥതയിലുള്ള ‘എക്‌സാലോജിക്’, കൊച്ചിയിലെ ‘സിഎംആർഎൽ’, കെഎസ്‌ഐഡിസി എന്നീ കമ്പനികൾക്കെതിരെയാണ് പ്രാഥമികമായി അന്വേഷണം നടന്നുവരുന്നത്. വീണ വിജയന്റെ ഉടമസ്ഥതയിലുള്ള ‘എക്‌സാലോജിക്’ കമ്പനിക്ക് ചെയ്യാത്ത സേവനങ്ങളുടെ പേരിൽ സിഎംആർഎൽ മാസപ്പടി നൽകിയെന്നാണ് കേസ്.