മോദി സർക്കാർ ഒരിക്കൽക്കൂടി അധികാരത്തിൽ വന്നാൽ രാജ്യത്ത് എന്തൊക്കെ സംഭവിക്കുമെന്ന് ആലോചിക്കണം; എ കെ ആന്റണി

തിരുവനന്തപുരം: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ മോദി സർക്കാരിന്റെ അന്ത്യം കുറിക്കുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ കെ ആന്റണി. മോദി സർക്കാർ ഒരിക്കൽക്കൂടി അധികാരത്തിൽ വന്നാൽ രാജ്യത്ത് എന്തൊക്കെ സംഭവിക്കുമെന്ന് ആലോചിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യാമുന്നണി അധികാരത്തിലേറിയാൽ പൗരത്വനിയമഭേദഗതി നിയമം പിൻവലിക്കുമെന്നും അദ്ദേഹം അറിയിച്ചു. തലേക്കുന്നിൽ ബഷീർ സ്മാരക പുരസ്‌കാരം ഇന്ദിരാഭവനിൽ ഡോ ജോർജ് ഓണക്കൂറിനു നൽകിയ ശേഷം പ്രസംഗിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

പൗരത്വനിയമത്തിൽ മുമ്പും പല ഭേദഗതികളും ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊന്നും മതം അടിസ്ഥാനമാക്കിയായിരുന്നില്ല. ലോകം ഇന്ത്യയെ ആദരിക്കുന്നത് വൈവിധ്യങ്ങളേയും മതേതരത്വത്തേയും സംരക്ഷിച്ചതിനാണ്. തലേക്കുന്നിൽ ബഷീർ കറകളഞ്ഞ് മതേതരവാദിയും തികഞ്ഞ ദേശസ്നേഹിയുമായിരുന്നു. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും സ്വത്ത് വിറ്റ് കടംവീട്ടുകയും പൊതുപ്രവർത്തനത്തിൽ നിന്ന് ഒന്നും സമ്പാദിക്കാതെയുമിരുന്ന നിസ്വനായ പൊതുപ്രവർത്തകനായിരുന്നു. കഴക്കൂട്ടം സീറ്റ് തനിക്ക് നിബന്ധനകളില്ലാതെ വിട്ടുതന്ന മഹാമനസ്‌കനുമായിരുന്നു അദ്ദേഹമെന്ന് ആന്റണി അഭിപ്രായപ്പെട്ടു.

കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസൻ അനുസ്മരണ പ്രഭാഷണത്തിൽ സംസാരിച്ചു. അസിമുല്ല ഖാന്റെ ഭാരത് മാതാ കീജെയും അബിദ് ഹസൻ സഫ്രാണി ഉയർത്തിയ ജയ്ഹിന്ദും മുഹമ്മദ് ഇക്ബാൽ രചിച്ച ദേശഭക്തി ഗാനം സാരെ ജഹാംസെ അച്ചായും കോൺഗ്രസുകാർ നെഞ്ചോട് ചേർത്തുപിടിച്ചപ്പോൾ ബ്രിട്ടൻ നീണാൾ വാഴട്ടെയെന്ന് പാടിനടന്നവരാണ് കമ്യൂണിസ്റ്റുകാരെന്ന് അദ്ദേഹം വ്യക്തമാക്കി. പൗരത്വനിയമഭേദഗതിയിൽ മുസ്ലീംകളെ ഒഴിവാക്കിയ മോദി സർക്കാരിന്റെ നടപടിയെ വിമർശിച്ച് മലപ്പുറത്ത് പ്രസംഗിച്ച മുഖ്യമന്ത്രി സ്വാതന്ത്ര്യസമരത്തിൽ മുസ്ലീംകളുടെ സംഭാവനകൾ എടുത്തു പറഞ്ഞിരുന്നു. എന്നാൽ അന്നു കമ്യൂണിസ്റ്റുകാർ എവിടെയായിരുന്നെന്നും ക്വിറ്റ് ഇന്ത്യാസമരത്തെ പിന്നിൽ നിന്നു കുത്തിയ ചരിത്രം അവരുടേതാണെന്നും ഹസൻ കൂട്ടിച്ചേർത്തു.