രാഹുൽ ഗാന്ധിയ്ക്കും ആനിരാജയ്ക്കും വയനാട്ടിൽ ടൂറിസ്റ്റ് വിസ; പരിഹാസവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. രാഹുൽ ഗാന്ധിയ്ക്കും ആനിരാജയ്ക്കും വയനാട്ടിൽ ടൂറിസ്റ്റ് വിസ ആണെന്ന് കെ സുരേന്ദ്രൻ പരിഹസിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഹുൽ ഗാന്ധി വയനാട്ടിൽ വരുന്നു, രണ്ട് പൊറോട്ട കഴിക്കുന്നു, വീഡിയോ ഇടുന്നു, തിരിച്ചു പോകുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധി വന്നതിനേക്കാൾ കൂടുതൽ ആനകൾ വന്നു എന്നാണ് നാട്ടുകാർ പരിഹസിക്കുന്നതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

ഇന്ത്യയിൽ തന്നെ രാഷ്ട്രീയത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ കേസുള്ള വ്യക്തിയാണ് താൻ. തന്റെ പേരിൽ 376 കേസുകൾ ഉണ്ട്. അതിന്റെ വിവരങ്ങൾ നാമനിർദ്ദേശപത്രിക നൽകുന്നതിന് മുൻപായി പത്ര ദൃശ്യമാധ്യമങ്ങളിൽ നൽകും. കൊടകര കേസിൽ താൻ പ്രതിയല്ല. പിന്നെ എന്തിനാണ് അതിന്റെ പേരിൽ തന്നെ വലിച്ചിഴക്കുന്നതെന്ന് സുരേന്ദ്രൻ ചോദിക്കുന്നു.

ബിജെപിക്ക് ജനങ്ങളുടെ ഇടയിൽ സ്വാധീനം കിട്ടുന്നത് കഠിനാധ്വാനം ചെയ്തിട്ടാണ്. രാഹുൽ ഗാന്ധിക്കെതിരെ ശക്തമായ പോരാട്ടം വേണമെന്ന പാർട്ടിയുടെ നിർദ്ദേശം പരിഗണിച്ച് അച്ചടക്കമുള്ള പ്രവർത്തകൻ നിലയിലാണ് സ്ഥാനാർത്ഥിത്വം ഏറ്റെടുത്തത്. വളരെ ഭാരിച്ച ഉത്തരവാദിത്വമാണ്. എന്നാൽ താൻ പൂർണ്ണ സന്തോഷത്തോടെ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്. കഴിഞ്ഞതവണ അമേരിക്കയിലെ ജനങ്ങൾ എന്താണോ ചെയ്തത് അത് ഇത്തവണ വയനാട്ടിലെ ജനങ്ങൾ ചെയ്യും എന്ന് പ്രതീക്ഷയോടെയാണ് തങ്ങൾ മത്സരത്തിന് ഇറങ്ങുന്നത് എന്നും അദ്ദേഹം കുട്ടിച്ചേർത്തു.