മദ്യനയ അഴിമതി; കെജ്രിവാളിന് പിന്നാലെ മറ്റൊരു ആംആദ്മി നേതാവിന് നേരെ കുരുക്ക് മുറുക്കാൻ നീക്കം

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ മറ്റൊരു ആംആദ്മി നേതാവിന് നേരെ കുരുക്ക് മുറുക്കാൻ നീക്കം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെതിരെയാണ് നീക്കം നടക്കുന്നത്. ഭഗവന്ത് മാനിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇ.ഡി) അന്വേഷണം ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരിക്കുകയാണ്. ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപി പഞ്ചാബ് ഘടകം കത്തും നൽകിയിട്ടുണ്ട്.

പഞ്ചാബിലെ മദ്യനയ അഴിമതിയിൽ അന്വേഷണം വേണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്. മദ്യനയ അഴിമതിയിലൂടെ സംസ്ഥാന ഖജനാവിനു ആയിരം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ബിജെപി ആരോപിക്കുന്നത്.

അതേസമയം, പഞ്ചാബിലെ എഎപി എംഎൽഎയും വ്യവസായിയുമായ കുൽവന്ത് സിങിന്റെ മൊഹാലിയിലെ വീട്ടിൽ കഴിഞ്ഞ വർഷം ഇ.ഡി നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് പുനരന്വേഷണം ഉണ്ടായേക്കാമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെയും സംസ്ഥാനത്തെ ആം ആദ്മി പാർട്ടിയുടെ ചുമതലയുള്ള രാഘവ് ഛദ്ദയുടെയും മൗനാനുവാദത്തോടെയാണ് മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ നടന്നതെന്നും ബിജെപി പറയുന്നു.