ഇന്ന് രാത്രി എട്ടരമുതൽ ഒമ്പതര വരെ അത്യാവശ്യമില്ലാത്ത ലൈറ്റുകളും ഉപകരണങ്ങളും ഓഫ് ചെയ്യണം; കെഎസ്ഇബി

തിരുവനന്തപുരം: ഇന്ന് രാത്രി 8:30 മുതൽ 9:30 വരെ ഭൗമ മണിക്കൂറായി ആചരിക്കാമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് കെഎസ്ഇബി. അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത വിളക്കുകളും ഉപകരണങ്ങളും ഈ ഒരു മണിക്കൂർ സമയം ഓഫ് ചെയ്ത് നമ്മുടെ ഭൂമിയെ ആഗോളതാപനത്തിൽ നിന്നും കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും രക്ഷിക്കാനുള്ള ആഗോള സംരംഭത്തിൽ പങ്കാളികളാകാമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു.

ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ആരംഭിച്ച ഈ സംരംഭത്തിൽ 190ൽപ്പരം ലോകരാഷ്ട്രങ്ങൾ സാധാരണയായി എല്ലാ വർഷവും മാർച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ച ഒരു മണിക്കൂർ പ്രതീകാത്മകമായി വൈദ്യുതി വിളക്കുകൾ അണച്ച് പങ്കുചേരുന്നു. എന്നാൽ, ഇത്തവണ മാർച്ച് 23 ന് ഭൗമ മണിക്കൂർ ആചരിക്കാനാണ് ആഹ്വാനം. വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്ന ഈ കാലഘട്ടത്തിൽ ഭൗമ മണിക്കൂർ ആചരണത്തിന് വലിയ പ്രസക്തിയുണ്ടെന്നും കെഎസ്ഇബി കൂട്ടിച്ചേർത്തു.