തിരുവനന്തപുരം: കോടതി ഉത്തരവ് പ്രകാരം തരംതാഴ്ത്തിയ സർക്കാർ കോളേജ് പ്രിൻസിപ്പാൾമാരെ യുജിസി റെഗുലേഷന് വിരുദ്ധമായി വീണ്ടും പ്രിൻസിപ്പാൾ ആയി നിയമിക്കാനുള്ള നീക്കവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഈ നടപടി പുതിയ വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്.
നിശ്ചിത യോഗ്യതകളിൽ ഇളവ് നൽകി പ്രിൻസിപ്പാൾമാരായി നിയമിച്ചത് കൊണ്ട് യോഗ്യതയില്ലാത്ത മറ്റ് അധ്യാപകരും പ്രിൻസിപ്പൽ പ്രമോഷന് വേണ്ടി രംഗത്തിറങ്ങും. നേരത്തെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ യുജിസിയുടെ 2019ലെ റെഗുലേഷന് വിരുദ്ധമായി 2017-18 കാലയളവിൽ സിപിഎം അധ്യാപക സംഘടന നേതാക്കന്മാർ ഉൾപ്പെടെ 12 പേരെ പ്രിൻസിപ്പൽമാരായി നിയമിച്ചത് റദ്ദാക്കിയിരുന്നു. യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനായിരുന്ന ഡോക്ടർ ബാബു ഹർജി ഫയൽ ചെയ്തപ്പോഴായിരുന്നു ട്രൈബ്യൂണലിന്റെ നടപടി. തന്റെ പ്രിൻസിപ്പാൾ പ്രമോഷൻ തടഞ്ഞത് ചോദ്യം ചെയ്താണ് യൂണിവേഴ്‌സിറ്റി കോളജിലെ അധ്യാപകനായ ബാബു ഹർജി ഫയൽ ചെയ്തത്. ഇടതു സർക്കാർ കോളേജ് അധ്യാപക സംഘടന ജനറൽ സെക്രട്ടറിയായിരുന്ന കെ കെ ദാമോദരൻ ഉൾപ്പെടെയുള്ളവർ അയോഗ്യരാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു. തുടർന്നാണ് അയോഗ്യരായ 12 പേരെ പുറത്താക്കി ട്രൈബ്യൂണൽ ഉത്തരവ് പുറത്തിറക്കിയത്.
യുജിസി 2019 റെഗുലേഷൻ പ്രകാരം സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് അധ്യാപകരുടെ യോഗ്യതകൾ പുന:പരിശോധിച്ച് ഹർജിക്കാരൻ ഉൾപ്പെടെയുള്ളവരുടെ പ്രിൻസിപ്പൽ നിയമനത്തിൽ തീരുമാനമെടുക്കാനും ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. ബാബുവിന് 2017 മുതൽ മുൻകാല പ്രാബല്യത്തിൽ സാങ്കല്പിക തസ്തികയിൽ പ്രിൻസിപ്പാൾ ആയി പ്രമോഷൻ നൽകാനും ബാക്കിയുള്ളവരിൽ ഏഴുപേർക്ക് യുജിസി വ്യവസ്ഥയിൽ ഇളവ് നൽകി പ്രമോഷൻ നൽകാനുമാണ് സർക്കാർ ഉത്തരവിട്ടത്. യോഗ്യതകൾ പരിശോധിക്കാൻ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അധ്യക്ഷനായ വിദഗ്ധസമിതിയെ സർക്കാർ നിയോഗിക്കുകയും ചെയ്തിരുന്നു.
പ്രിൻസിപ്പൽ നിയമനത്തിന് യൂണിവേഴ്‌സിറ്റിയുടെ അംഗീകൃത റിസർച്ച് ഗൈഡ് ആയിരിക്കണമെന്നാണ് യുജിസി വ്യവസ്ഥ. എന്നാൽ യുജി, പി ജി വിദ്യാർത്ഥികളുടെ പ്രോജക്ടുകൾ ഗൈഡ് ചെയ്ത അധ്യാപകരെ യൂണിവേഴ്‌സിറ്റി അംഗീകൃത ഗൈഡുകൾ ആണെന്ന് ദുർവ്യാഖ്യാനം ചെയ്താണ് നിയമന വ്യവസ്ഥകൾ അട്ടിമറിച്ച് ഏഴുപേർക്ക് പ്രിൻസിപ്പൽ പ്രമോഷൻ നൽകിയത്. അതേസമയം രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ അടിസ്ഥാനത്തിൽ യുജിസി യോഗ്യതയില്ലാത്ത അധ്യാപകരെ സർക്കാർ കോളേജ് പ്രിൻസിപ്പാളായി നിയമിച്ച നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തു.

