തിരുവനന്തപുരം: കറുത്ത നിറമുള്ള കലാകാരന്മാർക്കെതിരെ ജാതീയമായി സാമൂഹ്യ മാധ്യമത്തിൽ അധിക്ഷേപ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് കലാമണ്ഡലം സത്യഭാമക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ. സംസ്ഥാന പോലീസ് മേധാവിയോടാണ് കമ്മീഷൻ ഇക്കാര്യം ആവശ്യപ്പെട്ടത്.
അന്വേഷണം നടത്തി 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ട നർത്തകനുമായ ഡോ. ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷപം നടത്തിയ സംഭവത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഒരു യൂട്യൂബ് ചാനൽ അഭിമുഖത്തിനിടെയാണ് സത്യഭാമ ആർഎൽവി രാമകൃഷ്ണനെ വംശീയ അധിക്ഷേപം നടത്തുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയത്.
ആർഎൽവി രാമകൃഷ്ണൻ കാക്കയെ പോലെ കറുത്തയാളാണെന്നും, മോഹിനിയാട്ടം കളിക്കേണ്ടത് മോഹിനിമാരാണ്, പുരുഷന്മാരാണ് കളിക്കുന്നതെങ്കിൽ അത്രയും സൗന്ദര്യമുള്ളവരായിരിക്കണമെന്നും സത്യഭാമ പറഞ്ഞിരുന്നു. ഒരു പുരുഷൻ കാല് കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുകയെന്നാൽ അത് അരോചകമാണ്. ഇവനെ കണ്ടാൽ ദൈവമോ പെറ്റ തള്ളയോ പോലും സഹിക്കില്ല തുടങ്ങിയ പരാമർശങ്ങളും നടത്തിയിരുന്നു. പരാമർശം വിവാദമായതിന് പിന്നാലെ സത്യഭാമക്കെതിരെ വലിയ വിമർശനമാണ് ഉയർന്നത്.

