തിരഞ്ഞെടുപ്പിൽ തോൽക്കുമെന്നു ബിജെപിക്ക് ഭയം; കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരണവുമായി എം കെ സ്റ്റാലിൻ

ചെന്നൈ: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തിരഞ്ഞെടുപ്പിൽ തോൽക്കുമെന്നു ഭയമുള്ളതുകൊണ്ടാണു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം അഴിമതി മറച്ചുവയ്ക്കാൻ അവർ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റുചെയ്തു. എന്താണു കാരണം, തിരഞ്ഞെടുപ്പിൽ തോൽക്കുമെന്നുള്ള ബിജെപിയുടെ ഭയമാണ് ഏക കാരണം. 13 മാസമായി മനീഷ് സിസോദിയ ജയിലിലാണ്. കഴിഞ്ഞ മാസമാണ് ഹേമന്ത് സോറൻ അറസ്റ്റിലായത്. ജനങ്ങൾ തങ്ങൾക്കെതിരെ തിരഞ്ഞു, പ്രതിപക്ഷപാർട്ടികൾ ബിജെപിക്കെതിരെ പോരാടുന്നതിന് വേണ്ടി ഒന്നിച്ചു എന്നു മനസ്സിലാക്കിയതോടെ തെറ്റായ നടപടികളിലേർപ്പെടുകയാണ് ബിജെപിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുച്ചിറപ്പള്ളിയിലെ റാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി അധികാരത്തിൽ പ്രവേശിക്കുകയാണെങ്കിൽ പിഎം കെയേഴ്‌സ് ഫണ്ടിനു പിന്നിലെ രഹസ്യങ്ങൾ പുറത്തു കൊണ്ടുവരും. തമിഴ്‌നാട്ടിൽ ബിജെപി വളർന്നതോടെ ഡിഎംകെയുടെ ഉറക്കം നഷ്ടപ്പെട്ടതായി അടുത്തിടെ സേലത്ത് വന്നപ്പോൾ പ്രധാനമന്ത്രി പറഞ്ഞിരുന്നു. പക്ഷേ, യഥാർഥത്തിൽ ഉറക്കം നഷ്ടപ്പെട്ടത് പ്രധാനമന്ത്രിക്കാണ്. കാരണം അദ്ദേഹത്തിനറിയാം അദ്ദേഹത്തിന്റെ സർക്കാർ അവസാനിക്കാൻ പോവുകയാണെന്ന്. പ്രധാനമന്ത്രിയുടെ മുഖത്തും കണ്ണിലും പരാജയഭീതി നിഴലിക്കുന്നുണ്ടെന്ന് സ്റ്റാലിൻ വ്യക്തമാക്കി.

തമിഴ്‌നാട്ടിൽ നടപ്പാക്കിയ ഏതെങ്കിലും ഒരു പ്രത്യേക പദ്ധതിയുടെ പേരെങ്കിലും എടുത്തുപറയാനുണ്ടോ എന്ന് പ്രധാനമന്ത്രിയോട് അദ്ദേഹം ചോദിച്ചു. തന്റെ ചോദ്യത്തിനു പ്രധാനമന്ത്രിക്ക് എന്തെങ്കിലും ഉത്തരം നൽകാനുണ്ടോ. എവിടെയാണ് വെള്ളപ്പൊക്ക ധനസഹായം. തമിഴ്‌നാടിനു നിങ്ങൾ അനുവദിച്ച പ്രത്യേക പദ്ധതികൾ എന്തെല്ലാമാണ്. മധുര എയിംസ് എവിടെ. റെയിൽവേ പദ്ധതികളെവിടെയാണ്. എന്നിട്ട് ഇവരാണു തങ്ങളെ വിമർശിക്കുന്നത്. ഡിഎംകെ ചെയ്ത കാര്യങ്ങൾ വിശദീകരിക്കാൻ തുടങ്ങിയാൽ ഒരു ദിവസം മതിയാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.