മാളിലെ സംഗീത പരിപാടിക്കിടെ ഭീകരാക്രമണം; 60 ഓളം പേർ കൊല്ലപ്പെട്ടു

മോസ്‌കോ: മാളിലെ സംഗീത പരിപാടിക്കിടെ ഭീകരാക്രമണം. റഷ്യയിൽ മാളിലെ സംഗീത പരിപാടിക്കിടെയാണ് ഭീകരാക്രമണം നടന്നത്. 60 ഓളം പേർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. 100 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തെന്നാണ് വിവരം. വടക്കൻ മോസ്‌കോ നഗരപ്രാന്ത പ്രദേശത്ത് റോക്ക് മ്യൂസിക് പരിപാടിക്ക് നേരെയാണ് തോക്കുധാരികൾ വെടിയുതിർത്തത്. ക്രെംലിനിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ക്രോക്കസ് സിറ്റി ഹാളിൽ ആയിരുന്നു ആക്രമണം ഉണ്ടായത്.

വേഷംമാറിയാണ് അക്രമികൾ സംഭവ സ്ഥലത്തെത്തിയത്. വെടിയുതിർത്ത ശേഷം അക്രമികൾ സംഭവ സ്ഥലത്തേക്ക് ബോംബ് എറിയുകയും ചെയ്തു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐസിസ് രംഗത്തെത്തി.

മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. 2004 ലെ ബെസ്ലാൻ സ്‌കൂൾ ഉപരോധത്തിന് ശേഷം റഷ്യ കണ്ട ഏറ്റവും വലിയ ആക്രമണമായിരുന്നു സംഗീത പരിപാടിക്കിടെ ഉണ്ടായത്. മോസ്‌കോയിൽ ആക്രമണം നടത്താൻ തീവ്രവാദികൾക്ക് പദ്ധതികളുണ്ടെന്ന് റഷ്യയിലെ യുഎസ് എംബസി മുന്നറിയിപ്പ് നൽകിയിരുന്നു. ഈ മുന്നറിയിപ്പ് ലഭിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ആക്രമണം നടന്നത്.