വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ ജെ എസ് സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ആന്റി റാഗിംഗ് സ്‌ക്വാഡ് റിപ്പോർട്ട്. സിദ്ധാർത്ഥ് കോളേജിനുളളിൽ ഒപ്പിടൽ ശിക്ഷയും അനുഭവിച്ചിരുന്നുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. മരിക്കുന്നതിന് മുൻപ് എട്ട് മാസത്തോളം യുവാവ് കോളേജ് യൂണിയൻ പ്രസിഡന്റായ അരുണിന്റെ മുറിയിൽ പോയി ഒപ്പിട്ടിരുന്നുവെന്നാണ് സഹപാഠി നൽകിയിരിക്കുന്ന മൊഴി. പ്രതികൾ പൊലീസ് സ്റ്റേഷനിൽ ഒപ്പിടാൻ പോകുന്നതിന് തുല്യമായ ശിക്ഷയാണ് സിദ്ധാർത്ഥിന് നൽകിയതെന്നും സഹപാഠി വ്യക്തമാക്കിയിട്ടുണ്ട്.
സിദ്ധാർത്ഥിന്റെ മരണത്തിൽ പതിപ്പട്ടികയിലുളള വിദ്യാർത്ഥിയാണ് അരുൺ. സിദ്ധാർത്ഥ് കോളേജിലെ ജനപ്രിയനായ വിദ്യാർത്ഥിയാണെന്ന അസൂയ കൊണ്ടാണ് പ്രതികൾ ആക്രമം നടത്തിയതെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ഹോസ്റ്റലിന് സമീപത്തെ കുന്നിൻ മുകളിൽ വച്ച് സിദ്ധാർത്ഥിനെ പ്രതികൾ മർദ്ദിക്കുമ്പോഴും ഒരു പെൺകുട്ടി ഒപ്പമുണ്ടായിരുന്നുവെന്നും അന്തിമ റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ഇത് തെളിയിക്കുന്ന തെളിവുകളോ സാക്ഷി മൊഴികളോ ഒന്നും ലഭ്യമല്ല. അതിനാൽ തന്നെ കൂടുതൽ അന്വേഷണത്തിനായി പൊലീസിനെ ഏൽപ്പിച്ചിട്ടുണ്ട്.
ഫെബ്രുവരി 18നാണ് സിദ്ധാർത്ഥിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ഹോസ്റ്റൽ മുറിയിലെ ശുചിമുറിക്കുളളിലായിരുന്നു സിദ്ധാർത്ഥിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

