താൽക്കാലിക കുടിയേറ്റക്കാരുടെ എണ്ണത്തിന് പരിധി നിശ്ചയിക്കാൻ കാനഡ; കുടിയേറ്റ നിയമങ്ങൾ കർക്കശമാക്കും

ഒട്ടാവ: താൽക്കാലിക കുടിയേറ്റക്കാരുടെ എണ്ണത്തിന് പരിധി നിശ്ചയിക്കാൻ കാനഡ. വിദ്യാർത്ഥികൾ ഉൾപ്പെടെ താത്കാലിക ആവശ്യങ്ങൾക്കായി കാനഡയിലെത്തുന്ന വിദേശികളുടെ എണ്ണത്തിന് ആദ്യമായി പരിധി തീരുമാനിക്കാനാണ് പദ്ധതി. വരുന്ന സെപ്റ്റംബർ മാസത്തിൽ ആയിരിക്കും ഇത് സംബന്ധിച്ച തീരുമാനമെടുക്കുകയെന്ന് എമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ അറിയിച്ചു.

അടുത്ത മൂന്നു വർഷംകൊണ്ട് അത്തരക്കാരുടെ എണ്ണം കുറച്ചു കൊണ്ടു വരുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർത്ഥികൾ, വിദേശ തൊഴിലാളികൾ, അഭയാർത്ഥികൾ തുടങ്ങിയവർക്കെല്ലാം ഇക്കാര്യം ബാധകം ആയിരിക്കും. കുടിയേറ്റ നയം പരിഷ്കരിക്കുമെന്ന് നേരത്തെ മന്ത്രി അറിയിച്ചിരുന്നു. വിദേശികൾ രാജ്യത്തിന് താങ്ങാവുന്നതിലും അധികമാവുകയാണെന്നതും താമസ സൗകര്യങ്ങളുടെ അപര്യാപ്തതയും കാരണമാണ് കുടിയേറ്റ നയം പരിഷ്കരിക്കാൻ ഒരുങ്ങുന്നത്.

ഇപ്പോൾ കാനഡയുടെ മൊത്തം ജനസംഖ്യയുടെ 6.2% വിദേശികളാണ്. ഇത് 5% ആക്കി കുറയ്ക്കും എന്ന് മന്ത്രി മില്ലർ വ്യക്തമാക്കിയിട്ടുണ്ട്. താൽക്കാലിക ആവശ്യങ്ങൾക്കായി കാനഡയിൽ എത്തുന്നവരുടെ എണ്ണം സുസ്ഥിരമായി നിർത്താൻ ആണ് ഇത്തരം ഒരു നീക്കം എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. 25 ലക്ഷത്തോളം താൽക്കാലിക കുടിയേറ്റക്കാർ 2024 ൽ കാനഡയിൽ ഉണ്ടെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കിയിട്ടുണ്ട്. 2021ൽ ഉണ്ടായിരുന്നതിനേക്കാൾ 10 ലക്ഷം പേർ കൂടുതലാണിത്. യുദ്ധമുഖത്ത് നിന്നും രാഷ്ട്രീയ അടിച്ചമർത്തലുകളിൽ നിന്ന് രക്ഷപ്പെട്ട എത്തുന്നവർക്കും അഭയം നൽകുക എന്നത് ആഗോള ബാധ്യതയാണ്. അത് നിറവേറ്റുന്നതിൽ കാനഡ പ്രതിജ്ഞാബദ്ധമാണ്. എന്നാൽ രാജ്യം മുന്നോട്ടു കുതിക്കുമ്പോൾ അന്താരാഷ്ട്ര കുടിയേറ്റം എന്നാൽ എന്താണെന്ന സംവാദം ഇവിടെ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചില വ്യവസായ വാണിജ്യ സ്ഥാപനങ്ങൾക്ക് മെയ് ഒന്നു മുതൽ പുതിയ നയത്തിന്റെ ഭാഗമായി താൽക്കാലിക കൂടിയേറ്റക്കാരായ ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നേക്കാം. അതല്ലെങ്കിൽ അവർ ചെയ്യുന്ന ജോലികൾ കാനഡയിലെ സ്ഥിരതാമസക്കാരെ കൊണ്ട് ചെയ്യാൻ ആകില്ലെന്ന് തെളിയിക്കേണ്ടി വരും. കെട്ടിട നിർമ്മാണം, ആരോഗ്യ മേഖല തുടങ്ങിയവയിൽ മാത്രമായിരിക്കും ഈ തീരുമാനം ബാധകം ആകാതിരിക്കുന്നത്.