കെജ്രിവാളിന്റെ അറസ്റ്റിൽ പ്രസ്താവനയുമായി ജർമ്മനി; ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ നടത്തിയ പരാമർശത്തിൽ ജർമനിയെ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ജർമൻ എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തിയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്. കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ ജർമനിയുടെ വിദേശകാര്യവക്താവ് പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി.

ആരോപണം നേരിടുന്ന ഏതൊരു വ്യക്തിയെയും പോലെ കെജ്രിവാളിനും നീതിയുക്തവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അർഹതയുണ്ടെന്നത് ഉൾപ്പെടെയുള്ള പരാമർശങ്ങളാണ് ജർമൻ വിദേശകാര്യ മന്ത്രാലയം നടത്തിയത്. തുടർന്നാണ് ഇന്ത്യയിലെ ജർമൻ എംബസിയിലെ ഉന്നതോദ്യോഗസ്ഥൻ ജോർജ് എൻസ്വീലറിനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയത്. പ്രസ്താവനയ്ക്കെതിരേ ശക്തമായ പ്രതിഷേധം ഇന്ത്യ രേഖപ്പെടുത്തുകയും ചെയ്തു.

ഇന്ത്യയുടെ നിയമ നടപടിക്രമങ്ങളിലേക്കുള്ള കൈ കടത്തലാണെന്ന വിമർശനവും ഉയർത്തിട്ടുണ്ട്.