ന്യൂഡൽഹി: കോൺഗ്രസ് പാർട്ടി നികുതി അടയ്ക്കാത്ത വരുമാനം 520 കോടിയിൽ അധികം രൂപയാണെന്ന് ആദായനികുതി വകുപ്പ് ഡൽഹി ഹൈക്കോടതിയിൽ. 2014-15, 2015-16, 2016-17 സാമ്പത്തിക വർഷങ്ങളിലെ കോൺഗ്രസ് പാർട്ടിയുടെ നികുതി പുനർനിർണ്ണയിക്കാൻ ആദായനികുതി വകുപ്പ് നടപടി ആരംഭിച്ചിരുന്നു. ഇതിന് എതിരെ കോൺഗ്രസ് പാർട്ടി നൽകിയ ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി ബെഞ്ചിന് മുമ്പാകെ ആണ് പാർട്ടിയുടെ നികുതി അടയ്ക്കാത്ത വരുമാനം 520 കോടിയിൽ അധികം ആണെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയത്.
ആദായനികുതി നിയമത്തിന്റെ വ്യവസ്ഥകൾക്ക് എതിരായാണ് നികുതി പുനർനിർണ്ണയം നടക്കുന്നതെന്നായിരുന്നു കോൺഗ്രസ് പാർട്ടി കോടതിയിൽ ആരോപിച്ചത്. എന്നാൽ നിയമം പാലിച്ച് കൊണ്ടുള്ള പുനർനിർണ്ണയം ആണ് നടക്കുന്നത് എന്ന് ആദായനികുതി വകുപ്പ് വാദിച്ചു.
ഏഴ് സാമ്പത്തിക വർഷങ്ങളിലെ കോൺഗ്രസ് പാർട്ടിയുടെ നികുതി വരുമാനം ആണ് ആദായനികുതി വകുപ്പ് പുനർനിർണ്ണയിക്കുന്നത്. ഇതിൽ മൂന്ന് വർഷത്തെ നികുതി വരുമാനം പുനർനിർണ്ണയിക്കുന്നതിനെതിരായ ഹർജിയായിരുന്നു ഡൽഹി ഹൈക്കോടതി ഇതു പരിഗണിച്ചത്. ഹർജി വിധി പറയാനായി ഡൽഹി ഹൈക്കോടതി മാറ്റി.

