ബുള്ളറ്റ് ട്രെയിൻ പദ്ധതി; ഭാവിയിൽ കേരളവും ഇടംനേടിയേക്കും

ന്യൂഡൽഹി: ഭാവിയിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതികളിൽ കേരളവും ഇടംനേടിയേക്കും. വന്ദേഭാരത് ട്രെയിനുകൾക്കും അതിവേഗ ട്രെയിനുകൾക്കും സംസ്ഥാനത്തെ യാത്രക്കാരിൽ നിന്ന് ലഭിക്കുന്ന പിന്തുണയാണ് കേരളത്തെ സംബന്ധിച്ചുള്ള അനുകൂല ഘടകം. കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ സംസ്ഥാനത്തിന് അനുവദിക്കാനും കേന്ദ്ര സർക്കാർ പദ്ധതിയിടുന്നുണ്ട്. പൂർണമായും റെയിൽവേയുടെ പദ്ധതിയാണ് ബുള്ളറ്റ് ട്രെയിൻ. അതിനാൽ കെ റെയിൽ നേരിടേണ്ടി വന്ന വെല്ലുവിളികളൊന്നും ബുള്ളറ്റ് ട്രെയിന് അനുഭവിക്കേണ്ടി വരില്ല.

ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ കൂടുതൽ നഗരങ്ങളെ ബന്ധിപ്പിക്കുന്ന കാര്യം റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. ഡൽഹി- വാരണസി (813 കി.മീ), ഡൽഹി- അഹമ്മദാബാദ് (878 കി.മീ), മുംബയ്- നാഗ്പൂർ (765 കി.മീ), മുംബയ്- ഹൈദരാബാദ് (671 കി.മീ), ചെന്നൈ- ബംഗളൂരു- മൈസൂർ (435 കി.മീ), ഡൽഹി- ചണ്ഡീഗഢ്- അമൃത്സർ (459 കി.മീ), വാരണസി- ഹൗറ (760 കി.മീ) എന്നിങ്ങനെ ഏഴ് ഇടനാഴികൾ നിലവിൽ പരിഗണനയിലുണ്ടെന്നായിരുന്നു കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയത്.

ആധുനികവത്കരണം, നൂതന സാങ്കേതിക വിദ്യ, സുരക്ഷ തുടങ്ങിയവയ്ക്കാണ് റെയിൽവേ പ്രഥമ പരിഗണന നൽകുന്നത്.