സമൂഹമാധ്യമങ്ങളിൽ വ്യക്തിഹത്യ തുടർന്നാൽ നിയമപരമായി നേരിടും; കെ കെ ശൈലജ

തിരുവനന്തപുരം : സമൂഹമാധ്യമങ്ങളിൽ വ്യക്തിഹത്യ തുടർന്നാൽ നിയമപരമായി നേരിടുമെന്ന് സിപിഎം നേതാവും വടകര എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കെ കെ ശൈലജ. കള്ളി എന്ന് വിളിച്ചാണ് തന്നെ ആക്ഷേപിക്കുന്നതെന്ന് കെ കെ ശൈലജ പറഞ്ഞു. ആരോഗ്യമന്ത്രിയായിരുന്ന സമയത്ത് പി പി ഇ കിറ്റ് പർച്ചേസ് ചെയ്തതിന്റെ പേരിലാണ് കെ കെ ശൈലജക്കെതിരെ ആക്ഷേപം നടത്തുന്നത്. 1500 രൂപയ്ക്ക് മാത്രം പിപിഇ കിട്ടുന്ന ക്ഷാമകാലത്ത് 15,000 കിറ്റ് വാങ്ങി ആരോഗ്യപ്രവർത്തകരുടെ ജീവൻ രക്ഷിച്ച കാര്യത്തെയാണ് ഇങ്ങനെ കള്ളി എന്നൊക്കെ വിളിച്ച് അധിക്ഷേപിക്കുന്നത് എന്നാണ് കെ കെ ശൈലജ പറയുന്നത്.

ഈ ആരോപണങ്ങളിൽ കേരളത്തിലെ ജനങ്ങളും പ്രതികരിക്കുമെന്ന് കരുതുന്നു. തന്റെ ജീവിതം ജനങ്ങൾക്ക് മുൻപിൽ ഒരു തുറന്ന പുസ്തകമാണ്. ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് കാണിച്ചിട്ടുണ്ടെങ്കിൽ അന്വേഷിക്കാം കേസെടുക്കാം ശിക്ഷിക്കാം. കോൺഗ്രസ് പ്രവർത്തകയെ കൊണ്ട് ലോകായുക്തയിൽ പരാതി കൊടുപ്പിച്ചപ്പോൾ കൃത്യമായി അതിന് മറുപടി കൊടുത്തതാണ്. മുഖ്യമന്ത്രി അസംബ്ലിയിലും മറുപടി പറഞ്ഞതാണെന്നും ശൈലജ വ്യക്തമാക്കി.

കോവിഡ് വന്ന രണ്ടുമാസം കഴിഞ്ഞപ്പോൾ തന്നെ സുരക്ഷാ ഉപകരണങ്ങൾ മാർക്കറ്റിൽ നിന്ന് അപ്രത്യക്ഷമാകാൻ തുടങ്ങിയിരുന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കോർ കമ്മിറ്റി യോഗം ചേർന്നാണ് അന്ന് സ്റ്റോക്ക് ഉണ്ടായിരുന്ന കമ്പനിയിൽ നിന്ന് അത് വാങ്ങാൻ തീരുമാനിച്ചത്. വില കൂടുതലാണെങ്കിലും അത് നോക്കണ്ട ആളുകളുടെ ജീവനാണ് വലുത് എന്നതിനാണ് പ്രാധാന്യം നൽകിയതെന്ന് ശൈലജ ചൂണ്ടിക്കാട്ടി.

അമ്പതിനായിരം എണ്ണത്തിനാണ് ഓർഡർ നൽകിയെങ്കിലും കേരളത്തിൽ പതിനായിരം എണ്ണമേ കിട്ടിയുള്ളൂ. അത് തീർന്നു തുടങ്ങിയപ്പോഴേക്കും മറ്റ് കമ്പനികൾ മാർക്കറ്റിൽ എത്തിച്ചു തുടങ്ങി. ഇതോടെ വില അല്പം കുറഞ്ഞു. പി പി ഇ കിറ്റ് 850, 860 രൂപയ്ക്ക് കിട്ടുന്ന സാഹചര്യം ഉണ്ടായി. അതോടെ 50000 35,000 ഓർഡർ ക്യാൻസൽ ചെയ്തു. ആദ്യം നീ ആരോപണങ്ങൾ താൻ ഒരു തമാശയാണ് കണ്ടത്. ജനങ്ങൾ തള്ളിക്കളയും എന്ന് കരുതി. ഇപ്പോൾ തെരഞ്ഞെടുപ്പ് വരുമ്പോൾ വീണ്ടും അതേ കാര്യങ്ങൾ ആവർത്തിക്കുകയാണ്. ഇനിയും തനിക്കെതിരെയുള്ള വ്യക്തിഹത്യ തുടരുകയാണെങ്കിൽ ഒരു വസ്തുതയും ഇല്ലാതെ നടത്തുന്ന പ്രചാരണത്തെ നിയമപരമായി നേരിടും. വ്യാജ ഐഡി വച്ചാണ് പ്രചാരണം. വ്യാജ ഐഡി ആണെങ്കിലും ഇത് ചെയ്യിപ്പിക്കുന്നവർ ഉണ്ടാകും. അവർക്കാണ് അതിന്റെ ഉത്തരവാദിത്വം. ഇത്തരം വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ ഈ നാട്ടിലെ ജനങ്ങൾ പ്രതികരിക്കുമെന്നാണ് തന്റെ വിശ്വാസം എന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.