തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നതിനും ചാനൽ തുടങ്ങുന്നതിനും വിലക്ക്. ഇക്കാര്യം വ്യക്തമാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കി. ആരോഗ്യ വകുപ്പ് ഡയറക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പെരുമാറ്റ ചട്ടങ്ങൾക്ക് വിധേയമാകാതെയും ഔദ്യോഗിക കൃത്യ നിർവഹണത്തിന് തടസം സൃഷ്ടിക്കാതെയും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നതിന് അനുമതി ആവശ്യപ്പെട്ട് അപേക്ഷകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവിറക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്.
ജീവനക്കാർക്ക് ചാനൽ തുടങ്ങുന്നതിനോ സാമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നതിനോ അനുമതി നൽകിയാൽ ചട്ടലംഘനം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. യൂട്യൂബ്, ഇൻസ്റ്റഗ്രാം പോലെയുള്ള ഇടങ്ങളിൽ ചാനൽ തുടങ്ങിയാൽ പരസ്യവരുമാനം ഉൾപ്പെടെ സാമൂഹികനേട്ടങ്ങൾ ലഭിക്കാൻ ഇടയാക്കുമെന്നും ഇത് 1960ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റചട്ടങ്ങളിലെ 48-ാം വ്യവസ്ഥയ്ക്ക് വിരുദ്ധമാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഈ കാരണത്താൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നതിനും ചാനൽ തുടങ്ങുന്നതിനും ആരോഗ്യവകുപ്പ് ജീവനക്കാർ നൽകുന്ന അപേക്ഷകൾ ജില്ലാ തലത്തിലോ സ്ഥാപന തലത്തിലോ നിരസിക്കാമെന്നും ഉത്തരവിൽ വിശദമാക്കിയിട്ടുണ്ട്.

