പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവന; സത്യഭാമയുടെ പരാമർശത്തെ അപലപിച്ച് കലാമണ്ഡലം

തൃശൂർ: നർത്തകനും കലാകാരനുമായ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച സംഭവത്തിൽ കലാമണ്ഡലം സത്യഭാമയെ തള്ളി കലാമണ്ഡലം. സത്യഭാമയുടെ പ്രതികരണങ്ങളെയും പ്രസ്താവനകളെയും അപലപിക്കുകയാണെന്ന് കലാമണ്ഡലം അറിയിച്ചു. വിസിയും രജിസ്ട്രാറും വാർത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സത്യഭാമയുടേത് പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവനയാണ്. സത്യഭാമയെ പോലുള്ളവരുടെ പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കമാണെന്നാണ് വാർത്താക്കുറിപ്പിൽ പറയുന്നത്.

കലാമണ്ഡലത്തിലെ പൂർവ വിദ്യാർഥി എന്നതിനപ്പുറം സത്യഭാമക്ക് കലാമണ്ഡലവുമായി ഒരു ബന്ധവും ഇല്ല. കലാമണ്ഡലം സത്യഭാമയുടെതായി നിലവിൽ വന്നുകൊണ്ടിരിക്കുന്ന പ്രസ്താവനകളും പ്രതികരണങ്ങളും നിലപാടുകളും കേരള കലാമണ്ഡലം പൂർണമായും നിരാകരിക്കുന്നതായും വാർത്താക്കുറുപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു യൂട്യൂബ് ചാനൽ അഭിമുഖത്തിനിടെയാണ് സത്യഭാമ ആർഎൽവി രാമകൃഷ്ണനെ വംശീയ അധിക്ഷേപം നടത്തുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയത്. ആർഎൽവി രാമകൃഷ്ണൻ കാക്കയെ പോലെ കറുത്തയാളാണെന്നും, മോഹിനിയാട്ടം കളിക്കേണ്ടത് മോഹിനിമാരാണ്, പുരുഷന്മാരാണ് കളിക്കുന്നതെങ്കിൽ അത്രയും സൗന്ദര്യമുള്ളവരായിരിക്കണമെന്നും സത്യഭാമ പറഞ്ഞിരുന്നു. ഒരു പുരുഷൻ കാല് കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുകയെന്നാൽ അത് അരോചകമാണ്. ഇവനെ കണ്ടാൽ ദൈവമോ പെറ്റ തള്ളയോ പോലും സഹിക്കില്ല തുടങ്ങിയ പരാമർശങ്ങളും നടത്തിയിരുന്നു. പരാമർശം വിവാദമായതിന് പിന്നാലെ സത്യഭാമക്കെതിരെ വലിയ വിമർശനമാണ് ഉയർന്നത്.