തിരുവനന്തപുരം: റെക്കോർഡുകൾ ഭേദിച്ച് സ്വർണ്ണവില കുതിക്കുന്നു. ഇന്ന് ഒരു പവന് 800 രൂപയാണ് വർദ്ധിച്ചത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് സ്വർണ്ണവ്യാപാരം എത്തിയിരിക്കുകയാണ്. ഒരു പവൻ സ്വർണ്ണത്തിന് 49,440 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 100 രൂപയാണ് വർധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
സ്വർണ്ണത്തിന് 3000 രൂപയിലധികമാണ് മൂന്നാഴ്ചയ്ക്കിടെ വർധിച്ചത്. 48,640 രൂപയായിരുന്നു ബുധനാഴ്ച്ച ഒരു പവൻ സ്വർണ്ണത്തിന്റെ വില. പലിശ നിരക്കിൽ മാറ്റമില്ലാതെ തൽസ്ഥിതി തുടരുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനമാണ് ഇപ്പോഴത്തെ സ്വർണ്ണവില വർദ്ധനവിന് കാരണം. നിക്ഷേപകർ വലിയതോതിൽ സ്വർണ്ണത്തിൽ താൽപ്പര്യം കാട്ടുന്നതും വിലവർദ്ധനയ്ക്ക് കാരണമായിട്ടുണ്ട്.
24 കാരറ്റ് സ്വർണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 68 ലക്ഷം രൂപയ്ക്കടുത്തായിട്ടുണ്ട്. ഈ മാസം ഒന്നിന് 46,320 രൂപയായിരുന്നു ഒരു പവൻ സ്വർണ്ണത്തിന്റെ നിരക്ക്. മാർച്ച് രണ്ടിന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 47,000 രൂപയിലെത്തി. മാർച്ച് ഏഴിന് 48,080 രൂപയായിരുന്നു ഒരു പവൻ സ്വർണ്ണത്തിന്റെ വില.

