തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് കന്നി വോട്ടർമാരെ ആകർഷിക്കൽ; പദ്ധതിയുമായി യുജിസി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് കന്നി വോട്ടർമാരെ ആകർഷിക്കുന്നതിന് വേണ്ടി പദ്ധതിയുമായി യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ. യുവ വോട്ടർമാരെയും കന്നി വോട്ടർമാരെയും വോട്ടർ പട്ടികയിലേക്ക് ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തിലൂന്നിയാണ് പുതിയ നടപടി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തുടങ്ങിയവയുടെ സഹകരണത്തോടെയാണ് യുജിസി പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതിയോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും വിദ്യാഭ്യാസ മന്ത്രാലയവും നൽകുന്ന വീഡിയോകൾ, ബാനറുകൾ, സെൽഫി പോയിന്റുകൾ, മറ്റ് കണ്ടന്റുകൾ എന്നിവ കോളേജുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബോധവത്കരണത്തിനായി ഉപയോഗിക്കാനാണ് തീരുമാനം. അതേസമയം, രാജ്യവ്യാപകമായി ഈ കഴിഞ്ഞ ഫെബ്രുവരി 28-ന് മേരാ പെഹ്ല വോട് ദേശ് കേ ലിയേ പ്രചാരണം ആരംഭിച്ചിരുന്നു. മാർച്ച് ആറിനാണ് ഇത് അവസാനിച്ചത്.

ഏപ്രിൽ മെയ് മാസങ്ങളിലായി ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുക. 1.8 കോടി കന്നി വോട്ടർമാരാണ് ഇക്കുറി വോട്ട് ചെയ്യാനുള്ളതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.