റേഷൻ മസ്റ്ററിങ് പ്രതിസന്ധി; പുതിയ സെർവർ വാങ്ങാൻ പണം അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: സർവർ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണവും റേഷൻ മസ്റ്ററിങ്ങും പ്രതിസന്ധിയിലായതോടെ അധിക സർവർ സജ്ജീകരിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതിനായി 3.54 ലക്ഷം രൂപ അനുവദിച്ചു. ധനവകുപ്പ് ആണ് തുക അനുവദിച്ചത്.

ആധാർ വിവരങ്ങൾ സൂക്ഷിക്കുന്ന യൂനിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യക്ക് (യു.ഐ.ഡി.എ.ഐ) നൽകാനുള്ളതാണ് തുക. ഇ-പോസ് യന്ത്രത്തിൽ റേഷൻ കാർഡ് ഉടമ വിരൽ പതിപ്പിക്കുമ്പോൾ ആധാർ വിവരങ്ങൾ പരിശോധിക്കാൻ സഹായിക്കുന്ന ഓതന്റിഫിക്കേഷൻ യൂസർ ഏജൻസി(എ.യു.എ)യാണ് വാങ്ങുക.

സംസ്ഥാന ഐ.ടി മിഷന്റെ ഉടമസ്ഥതയിലുള്ള ഓതന്റിഫിക്കേഷൻ യൂസർ ഏജൻസിയിലെ തകരാറാണ് കഴിഞ്ഞ ദിവസം മസ്റ്ററിങ് പ്രവർത്തനങ്ങൾ അവതാളത്തിലാകാൻ കാരണമെന്ന് കണ്ടെത്തിയിരുന്നു.