ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പെരുമാറ്റച്ചട്ടലംഘനത്തിന് പരാതി. തൃണമൂൽ കോൺഗ്രസാണ് പ്രധാനമന്ത്രിക്കെതിരെ പരാതി നൽകിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും പ്രധാനമന്ത്രി വ്യോമസേന ഹെലികോപ്ടറിൽ സഞ്ചരിക്കുന്നുവെന്നാണ് തൃണമൂൽ കോൺഗ്രസ് പരാതിപ്പെടുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് ചട്ട വിരുദ്ധമാണ്. ബിജെപി പണം നൽകി വ്യോമസേന ഹെലികോപ്ടർ ഉപയോഗിക്കുന്നെങ്കിൽ കമ്മീഷൻ വ്യക്തതത വരുത്തണമെന്ന് ടിഎംസി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിമാരും മറ്റ് Z+ സുരക്ഷ ഉള്ളവരും സാധാരണ ഹെലികോപ്ടർ ഉപയോഗിക്കുന്നുവെന്നും തൃണമൂൽ പരാതിൽ പറയുന്നു. ആന്ധ്രപ്രദേശിലെ റാലിയിലെ നടപടി ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ടിഎംസി പരാതി നൽകിയത്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി കോയമ്പത്തൂരിൽ ഇന്ന് റോഡ്‌ഷോ നടത്തും. വൈകീട്ട് 5:45 നാണ് റോഡ് ഷോ ആരംഭിക്കുക. രണ്ടര കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ നടക്കുന്നത്. തമിഴ്‌നാട് പൊലീസ് അനുമതി നിഷേധിച്ച റോഡ് ഷോയ്ക്ക് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിരുന്നു. പൊലീസിന് റൂട്ടും ദൂരവും തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
4 കിലോമീറ്ററിലധികം ദൂരത്തുള്ള റോഡ് ഷോയ്ക്കാണ് ബിജെപി അനുമതി തേടിയിരുന്നത്.ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയും റോഡ് ഷോയുടെ ഭാഗമാകും.

