കൊച്ചി: എംഎൽഎമാരും രാജ്യസഭാംഗങ്ങളും രാജിവെക്കാതെ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരേ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഒ.കെ ജോണിയാണ് പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നിലവിലെ എംഎൽഎമാരും രാജ്യസഭാംഗങ്ങളും രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ഹർജിയിലെ ആവശ്യം.
അഡ്വക്കേറ്റ് ആളൂർ വഴിയാണ് ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്. നിലവിൽ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർ ആ സ്ഥാനമൊഴിയാതെ മത്സരിക്കരുതെന്ന് ഹർജിയിൽ പറയുന്നു. ഉപതെരഞ്ഞെടുപ്പിനും അമിത ചെലവിനും വഴിവെക്കുന്ന സാഹചര്യം ഒഴിവാക്കാൻ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്ന ആവശ്യവും ഹർജി മുന്നോട്ടുവെയ്ക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സംസ്ഥാന സർക്കാരുകളും ഗവർണറുടെ ഓഫീസും സ്പീക്കറും മുഖ്യമന്ത്രിയും ഹർജിയിൽ എതിർകക്ഷികളാണ്.
മന്ത്രി കെ രാധാകൃഷ്ണൻ, എംഎൽഎമാരായ വി ജോയ്, എം മുകേഷ്, കെ കെ ശൈലജ, ഷാഫി പറമ്പിൽ രാജ്യസഭാംഗങ്ങളായ കേന്ദ്രമന്ത്രി വി മുരളീധരൻ, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ, സിപിഎം നേതാവ് എളമരം കരീം എന്നിവരാണ് കേരളത്തിൽ നിന്ന് ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്.

