എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെ ഉപയോഗിച്ച് ബിജെപി അനുകൂല പ്രസ്താവനകൾ നടത്തുന്നത് മുഖ്യമന്ത്രി; വി ഡി സതീശൻ

ആലപ്പുഴ: സിപിഎമ്മിനും എൽഡിഎഫിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെ ഉപയോഗിച്ച് ബിജെപി അനുകൂല പ്രസ്താവനകൾ നടത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നേ അദ്ദേഹം വ്യക്തമാക്കി.

ജയരാജൻ ഒരു ഉപകരണമാണെന്നും ബിജെപിയെ പ്രീണിപ്പിക്കാൻ ജയരാജനെക്കൊണ്ടു സംസാരിപ്പിക്കുന്നത് മുഖ്യമന്ത്രി തന്നെയാണെന്നും സതീശൻ ആരോപിച്ചു. മാസപ്പടി കേസിൽ അന്വേഷണം നടക്കുന്നു, കരുവന്നൂർ ബാങ്കിൽ ഇഡി അന്വേഷണം, ലാവ്‌ലിൻ കേസ് സുപ്രീംകോടതിയിൽ ഇരിക്കുന്നു. മുഖ്യമന്ത്രിക്ക് ഭയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരത്ത് ഉൾപ്പെടെയുള്ള ബിജെപി സ്ഥാനാർഥികൾ നല്ല സ്ഥാനാർഥികളാണെന്നും ബിജെപി നിരവധി സ്ഥലങ്ങളിൽ രണ്ടാം സ്ഥാനത്തു വരുമെന്നുമാണ് ജയരാജൻ പറഞ്ഞത്. ബിജെപി എവിടെയൊക്കെ രണ്ടാം സ്ഥാനത്തു വരുമോ അവിടെയൊക്കെ മൂന്നാം സ്ഥാനത്തേക്ക് ഇടതുപക്ഷം പോകുമെന്നു എൽഡിഎഫ് കൺവീനർ തന്നെ പറയുകയാണ്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിയായ നിരാമയ റിട്രീറ്റ്‌സും ജയരാജന്റെ കുടുംബാംഗങ്ങൾക്കു പങ്കാളിത്തമുള്ള വൈദേകം ആയുർവേദ റിസോർട്ടും തമ്മിൽ മാനേജ്‌മെന്റ് കരാറുണ്ട്, ബിസിനസ് പാർട്ടണർഷിപ്. അതു രണ്ടുപേരും നിഷേധിച്ചിട്ടില്ല. തമ്മിൽ കണ്ടിട്ടില്ല എന്നാണു പറയുന്നത്. അവർ തമ്മിൽ കണ്ടോ ഇല്ലയോ എന്നത് അപ്രസക്തമാണ്. കേസ് കൊടുത്താൽ മുഴുവൻ തെളിവുകളും പുറത്തുവിടും. ജയരാജന്റെ കുടുംബാംഗങ്ങൾ നിരാമയ റിട്രീറ്റ്‌സിന്റെ അധികാരികളുമായി ഒരുമിച്ചു നിൽക്കുന്ന ചിത്രം ഉൾപ്പെടെ കയ്യിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി പിണറായി വിജയൻ, ജയരാജനെ ഉപയോഗിച്ച് ബിജെപിക്കു കേരളത്തിൽ ഇടം ഉണ്ടാക്കാൻ ശ്രമിക്കുന്നു. മുഖ്യമന്ത്രിക്ക് കേസുകളെക്കുറിച്ചു ഭയമാണ്. കെ സുരേന്ദ്രൻ വരെ ജയരാജനെ അഭിനന്ദിച്ചു. ഇതിന്റെയെല്ലാം മറവിൽ സർക്കാർ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.