സർവീസ്‌ പെൻഷൻ കുടിശിക; 628 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി

തിരുവനന്തപുരം: വിരമിച്ച ജീവനക്കാർക്കും അധ്യാപകർക്കും പതിനൊന്നാം പെൻഷൻ പരിഷ്‌കരണ കുടിശികയുടെ മൂന്നാം ഗഡു അനുവദിച്ചു. 5.07 ലക്ഷം പേർക്കാണ് ആനുകൂല്യം ലഭിക്കുക. 628 കോടി രൂപ ഇതിനായി അനുവദിച്ച് ഉത്തരവിറക്കി. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, ഭവനരഹിതർക്ക് സുരക്ഷിത വീട് ഉറപ്പാക്കുന്ന ലൈഫ് മിഷൻ പദ്ധതിക്ക് 130 കോടി രൂപ അനുവദിച്ചു. സംസ്ഥാന വിഹിതമാണ് അനുവദിച്ചത്. പദ്ധതിക്ക് ഈ വർഷം 356 കോടി രൂപ നൽകി. സംസ്ഥാന സർക്കാർ ജീവനക്കാരുടെ 2024-25ലെ ലീവ് സറണ്ടർ അനുവദിച്ചു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കും ജിപിഎഫ് ഇല്ലാത്തവർക്കും ആനുകൂല്യം പണമായി ലഭിക്കും. മറ്റുള്ളവർക്ക് പിഎഫിൽ ലയിപ്പിക്കും.

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി വിഷുവിന് മുമ്പ് വിതരണം ചെയ്യും. 3200 രുപവീതമാണ് ഓരോരുത്തർക്കും ലഭിക്കുക. നിലവിൽ ഒരു ഗഡു തുക വിതരണത്തിലാണ്. വിഷു, ഈസ്റ്റർ, റംസാൻ കാലത്ത് 4800 രുപവീതമാണ് ഇതോടെ ഒരോരുത്തരുടെയും കൈകളിലെത്തുക. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിങ് നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. തുടർന്ന് ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ അതാതു മാസം പെൻഷൻ വിതരണത്തിനുള്ള നടപടികൾ ഉറപ്പാക്കിയിട്ടുണ്ട്.