പരിശീലന പരിപാടികളിൽ പരിഷ്‌ക്കരണങ്ങൾ നടത്താൻ ആർഎസ്എസ്; മാറ്റങ്ങൾ ഇങ്ങനെ

ന്യൂഡൽഹി: പരിശീലന പരിപാടികളിൽ പരിഷ്‌ക്കരണങ്ങൾ നടത്താൻ രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർഎസ്എസ്). ആർഎസ്എസ് ജോയിന്റ് സെക്രട്ടറി മൻമോഹൻ വൈദ്യയാണ് ഇക്കാര്യം അറിയിച്ചത്. നാഗ്പൂരിൽ നടന്ന ആർഎസ്എസിന്റെ വാർഷിക പരിപാടിയായ ‘അഖില ഭാരതീയ പ്രതിനിധി സഭ’യിൽ വെച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഈ വർഷം മുതൽ പരിഷ്‌ക്കരണം നടപ്പിലാക്കാനാണ് പദ്ധതിയിടുന്നത്. ഏഴ് ദിവസത്തെ പ്രാഥമിക് ശിക്ഷ വർഗ്ഗ്, 20 ദിന സംഘ് ശിക്ഷ വർഗ്ഗ് പ്രഥം വർഷ്, 20 ദിന സംഘ് ശിക്ഷ വർഗ്ഗ് ദ്വിത്യ വർഷ്, 25 ദിന സംഘ് ശിക്ഷ വർഗ്ഗ് തൃത്യാ വർഷ് പരിശീലനങ്ങളിലാണ് മാറ്റം വരുത്തിയത്. പുതിയ പ്രവർത്തകർക്കായി മൂന്ന് ദിവസത്തെ പ്രാരംഭിക് വർഗ്ഗ് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പുതുതായി എത്തുന്നവർ 15 ദിവസത്തെ സംഘ് ശിക്ഷ വർഗ്ഗിൽ പങ്കെടുത്ത ശേഷം പ്രാഥമിക് ശിക്ഷ വർഗ്ഗിലും പങ്കെടുക്കണം. നേരത്തെ സംഘ് ശിക്ഷ വർഗ്ഗ് പ്രഥം വർഷ് എന്നാണ് ഈ പരിശീലന പരിപാടി അറിയപ്പെട്ടിരുന്നത്. 20 ദിവസമായിരുന്നു പരിപാടിയുടെ കാലയളവ്. ആർഎസ്എസിന്റെ പരിശീലന പരിപാടികളിൽ വൻ തോതിൽ യുവാക്കൾ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം വിശദമാക്കി.

15000നും 17000നും ഇടയിൽ യുവാക്കൾ പ്രഥം ശിക്ഷ വർഗ്ഗിൽ പങ്കെടുക്കുന്നു. പ്രാഥമിക് ശിക്ഷാ വർഗ്ഗിൽ ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുന്നു. സംഘ് ശിക്ഷാ വർഗ്ഗ് 15 ദിവസം നീണ്ടുനിൽക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ദ്വിത്യ വർഷ, തൃത്യ വർഷ എന്നറിയപ്പെട്ടിരുന്ന പരിശീലന പരിപാടികളുടെ പേരിലും മാറ്റം വരുത്തിയിട്ടുണ്ട്. ദ്വിത്യ വർഷ ഇനിമുതൽ കാര്യകർത്താ വികാസ് വർഗ് -1 എന്നും തൃത്യ വർഷ കാര്യകർത്താ വികാസ് -2 എന്നും അറിയപ്പെടുമെന്നും വൈദ്യ കൂട്ടിച്ചേർത്തു.