ലോക്‌സഭ തെരഞ്ഞെടുപ്പ്; വ്യാജ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെയും മറ്റ് മീഡിയ സ്ഥാപനങ്ങൾക്കെതിരെയും നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാജവാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെ മാത്രമല്ല, സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങൾ നടത്തിയാലും നടപടിയുണ്ടാകും. ഇത്തരത്തിലുള്ള വാർത്തകളിലൂടെയോ പ്രചാരണങ്ങളിലൂടെയോ സമൂഹത്തിൽ പ്രശ്‌നങ്ങളുണ്ടാകാൻ അനുവദിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു കഴിഞ്ഞതോടെ രാജ്യത്ത് പെരുമാറ്റ ചട്ടം നിലവിൽ വന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിനൊപ്പം വോട്ടെടുപ്പിനുള്ള മാർഗനിർദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിദ്വേഷ പ്രസംഗം പാടില്ലെന്നാണ് രാഷ്ട്രീയക്കാർക്ക് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സ്വകാര്യ ജീവിതത്തെ വിമർശിച്ചുകൊണ്ട് പ്രസംഗിക്കരുത്, ജാതിയുടെയോ മതത്തിന്റെയോ പേരിൽ വോട്ട് പിടിക്കരുത്, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രചാരണം പാടില്ല തുടങ്ങിയ നിർദേശങ്ങളും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ മുന്നോട്ടുവെച്ചിട്ടുണ്ട്.

പരസ്യം വാർത്തയായി നൽകരുതെന്നും സമൂഹ മാധ്യമങ്ങളിലൂടെ എതിരാളികളെ അവഹേളിക്കരുതെന്നും താര പ്രചാരകർ മര്യാദയുടെ സീമ ലംഘിക്കരുതെന്നും നിർദ്ദേശമുണ്ട്. കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നാണ് മറ്റൊരു നിർദ്ദേശം. ചട്ടലംഘനം ആവർത്തിക്കുന്നവർക്കുള്ള ശിക്ഷ താക്കീതിൽ ഒതുങ്ങില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. റീ പോളിംഗ് സാധ്യതകൾ പരമാവധി ഒഴിവാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.