തിരുവനന്തപുരം: തലശ്ശേരി ബ്രണ്ണൻ കോളേജിൽ നടന്ന കണ്ണൂർ സർവ്വകലാശാല കലോത്സവത്തിലെ വിധി നിർണയത്തെക്കുറിച്ചും വ്യാപക പരാതികൾ. ഇതേക്കുറിച്ച് പ്രതിഷേധിച്ച കണ്ണൂർ ജില്ലയിലെ മലയോരത്തെ ഒരു കോളേജിലെ വിദ്യാർത്ഥികളെ എസ്എഫ്ഐ നേതാക്കളും സംഘാടകരും ചേർന്ന് ഭീഷണിപ്പെടുത്തിയാണ് വിഷയം ഒതുക്കിത്തീർത്തത്. കേരള സർവകലാശാലയിൽ ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഈ വിഷയത്തിലും ഗവർണർ ഇടപെട്ടേക്കും എന്നാണ് വിവരം.
വ്യക്തിഗതമായി പ്രതിഷേധം നടത്തിയവരെ കോളേജിലെ ഇടിമുറിയിൽ കൊണ്ടുപോയി ഉപദ്രവിച്ചു എന്ന തരത്തിലുള്ള ആരോപണം ഉയർന്നിരുന്നു. വിധികർത്താക്കളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ഒന്നും രണ്ടും സ്ഥാനത്തേക്ക് തങ്ങൾ പറയുന്നവർക്ക് മാർക്കിട്ട് തിരഞ്ഞെടുക്കണം എന്നായിരുന്നു എസ്എഫ്ഐ ഉന്നയിച്ച ആവശ്യം. പല മത്സരങ്ങളിലും എസ്എഫ്ഐ ലിസ്റ്റിലുള്ളവരും കോളേജുകളും ഒന്നാം സ്ഥാനത്ത് എത്തിയതോടെയാണ് മറ്റ് മത്സരാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഇടത് അനുകൂല അധ്യാപക സംഘടനയുടെയും കണ്ണൂർ സർവ്വകലാശാല അധികൃതരുടെയും ഒത്താശയോടെയാണ് സർക്കാർ കോളേജിൽ ഇടിമുറികൾ പ്രവർത്തിക്കുന്നതെന്നാണ് ആക്ഷേപം.

