ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാതെ ഭാര്യ ലിവ്-ഇൻ റിലേഷൻഷിപ്പിലേർപ്പെടുന്നത് അംഗീകരിക്കാനാകില്ല: കോടതി

ന്യൂഡൽഹി: ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാതെ ഭാര്യ ലിവ്-ഇൻ റിലേഷൻഷിപ്പിലേർപ്പെടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി. ലിവ്-ഇൻ ബന്ധത്തിലുള്ള സ്ത്രീ, തനിക്കും പങ്കാളിയ്ക്കും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം അറിയിച്ചത്. പതിമൂന്നാം വയസ്സിൽ വിവാഹിതയായ സ്ത്രീ തനിക്ക് പ്രായപൂർത്തിയായിട്ടും ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയിട്ടില്ലെന്നും പകരം മറ്റൊരു പുരുഷനുമായി താമസിക്കുകയാണ് ചെയ്തതെന്നും യുവതി അറിയിച്ചു.

യുവതി സമർപ്പിച്ച ഹർജി കോടതി തള്ളുകയും ചെയ്തു. ജസ്റ്റിസ് രേണു അഗർവാൾ അധ്യക്ഷയായ ബെഞ്ചാണ് ഇതുസംബന്ധിച്ച ഹർജി പുറപ്പെടുവിച്ചത്. ഹിന്ദു നിയമപ്രകാരം ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ അവിഹിത ബന്ധം പുലർത്തുന്നത് നിയമ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഇത്തരം ബന്ധങ്ങളെ അംഗീകരിക്കുന്നത് സാമൂഹിക മാനദണ്ഡങ്ങളെ തകർക്കുമെന്നും കോടതി പറഞ്ഞു.

കോടതിയുടെ ഉത്തരവുകളാൽ ലിവ്-ഇൻ റിലേഷൻഷിപ്പ് പോലുള്ള ബന്ധങ്ങളെ പിന്തുണയ്ക്കാൻ കഴിയില്ല. കോടതി ഇത്തരം കേസുകളിൽ ഇടപെട്ട് നിയമവിരുദ്ധ ബന്ധങ്ങൾക്ക് സംരക്ഷണം നൽകിയാൽ അത് സമൂഹത്തിൽ മറ്റ് പ്രശ്‌നങ്ങൾ സൃഷ്ടിക്കും. ദമ്പതികൾക്ക് സംരക്ഷണം നൽകിയാൽ ലിവ്-ഇൻ ബന്ധങ്ങൾ നിയമാനുസൃതമാണെന്ന് പലരും കണക്കാക്കുമെന്നും കോടതി കൂട്ടിച്ചേർത്തു.

ലിവ് ഇൻ ബന്ധങ്ങൾക്ക് എതിരല്ലെന്നും എന്നാൽ വിവാഹിതയായിരിക്കെ ഭർത്താവിൽ നിന്ന് വിവാഹം മോചനം നേടാതെയുള്ള ഇത്തരം ലിവ് ഇൻ ബന്ധങ്ങളെ ശക്തമായി എതിർക്കുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.