ന്യൂഡൽഹി: ഇലക്ട്രോണിക് സാങ്കേതികവിദ്യയുടെ അവിഭാജ്യ ഘടകമായ സെമികണ്ടക്ടർ ചിപ്പ് നിർമ്മാണത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കാനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ. 1.25ലക്ഷം കോടി രൂപയുടെ മൂന്ന് കേന്ദ്രങ്ങൾക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചിരിക്കുന്നത്.
വാണിജ്യാടിസ്ഥാനത്തിലുള്ള രാജ്യത്തെ ആദ്യ സെമികണ്ടക്ടർ ഫാബ്രിക്കേഷൻ കേന്ദ്രമാണ് ഗുജറാത്തിലെ ധോലേരയിലെ സ്ഥാപിക്കുന്നത്. ഗുജറാത്തിലെ തന്നെ സാനന്ദിലും അസമിലെ മൊരിഗാവിലും ഔട്ട് സോഴ്‌സ്ഡ് അസംബ്ലി ആൻഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങളും. ധൊലേര, മൊരിഗാവ് പ്ലാന്റുകൾ ടാറ്റയാണ് സ്ഥാപിക്കുന്നത്. മെയ്ഡ് ഇൻ ഇന്ത്യ സെമികണ്ടക്ടർ ചിപ്പുകൾ ഇന്ത്യയെ സ്വയം പര്യാപ്തതയിലേക്കും ആധുനികതയിലേക്കും നയിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വീഡിയോ കോൺഫറൻസിലൂടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
നൂറു ദിവസത്തിനുള്ളിൽ കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാകും. ധോലേരയിൽ നിർമ്മിക്കുന്ന ചിപ്പുകൾ 2026ൽ വിപണിയിലെത്തും. 2029 ഓടെ ഇന്ത്യ ചിപ്പ് നിർമ്മാണത്തിൽ അഞ്ചാമത്തെ ശക്തിയാകും. 20,000 പേർക്ക് നേരിട്ടും 60,000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുകയും ചെയ്യും.

