അശ്ലീല ഉള്ളടക്കം: 18 ഒടിടി പ്ലാറ്റ്‌ഫോമുകൾ നിരോധിച്ച് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം

ന്യൂഡൽഹി: 18 ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റേതാണ് നടപടി. അശ്ലീല ഉള്ളടക്കത്തിന്റെ പേരിലാണ് നടപടി. നിരവധി തവണ മുന്നറിയിപ്പ് നൽകിയ ശേഷമാണ് അധികൃതർ ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്. 19 വെബ്‌സൈറ്റുകൾക്കും 10 ആപ്പുകൾക്കും 57 സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്കും കേന്ദ്രം നിരോധനം ഏർപ്പെടുത്തി.

പോണോഗ്രഫിക്ക് തുല്യമായ ഉള്ളടക്കമാണ് നിരോധിച്ച വെബ്‌സൈറ്റുകളിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലും നൽകുന്നതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ഉള്ളടക്കമാണ് ഇവയിലുള്ളതെന്നും ഇആരോപണമുണ്ട്. ഐടി ആക്ട് പ്രകാരമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. നിരോധിച്ച പത്ത് ആപ്പുകളിൽ ഏഴ് എണ്ണം ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും 3 എണ്ണം ആപ്പിൾ ആപ്പ്സ്റ്റോറിൽ നിന്നുമാണ് നിരോധിച്ചത്.

ഡ്രീംസ് ഫിലിംസ്, വൂവി, യെസ്മ, അൺകട്ട് അഡ്ഡ, ട്രി ഫ്ലിക്സ്, എക്സ് പ്രൈം, നിയോൺ എക്സ് വിഐപി, ബെഷരമാസ്, ഹണ്ടേഴ്സ് , റാബിറ്റ്, എക്സ്ട്രാമൂഡ്, ന്യൂഫ്ളിക്സ്, മൂഡ്എക്സ്, മോജോഫ്ളിക്സ്, ഹോട്ട് ഷോട്ട്സ് വിഐപി, ഫ്യൂജി, ചിക്കൂഫ്ളിക്സ്, പ്രൈം പ്ലേ തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകൾക്കാണ് നിരോധനം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും സർഗാത്മകതയുടെയും പേരിൽ അശ്ലീലവും ചൂഷണവും അനുവാദിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.