ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി നിയമം നടപ്പിലാക്കുന്നതിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി നിയമം പിൻവലിക്കില്ലെന്ന് അമിത്ഷാ വ്യക്തമാക്കി. ഒരു സംസ്ഥാനത്തിനും സിഎഎ നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ട് പോകാനാവില്ലെന്നും പൗരത്വ നിയമഭേദഗതി മുസ്ലീം വിരുദ്ധമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാർ ചെയ്തതൊന്നും നിയമവിരുദ്ധമല്ല. രണഘടനയുടെ അനുച്ഛേദം 11 പ്രകാരം പൗരത്വം സംബന്ധിച്ച നിയമങ്ങളുണ്ടാക്കാനുളള എല്ലാ അധികാരവും പാർലമെന്റിന് നൽകുന്നുണ്ട്. ആരുടെയും പൗരത്വം എടുത്തു കളയാനല്ല നിയമം. ഭരണ ഘടന അനുച്ഛേദം 14 പ്രകാരം തുല്യത ഉറപ്പ് വരുത്തിയാണ് നിയമ നിർമ്മാണം നടത്തിയിരിക്കുന്നത്. വിഭജന കാലത്ത് പാകിസ്ഥാനിൽ ഹിന്ദുക്കൾ 23 ശതമാനമായിരുന്നു. ഇപ്പോഴത് 3.7 ശതമാനമായി. ബാക്കിയുള്ളവർ മതപരിവർത്തനത്തിന് വിധേയരായി. അഫ്ഗാനിസ്ഥാനിൽ 500 ഹിന്ദുക്കൾ മാത്രമാണ് അവശേഷിക്കുന്നത്. അത്തരമൊരു സാഹചര്യം ആവർത്തിക്കാതിരിക്കാനാണ് സർക്കാർ ഇവിടെ പൗരത്വം നൽകാൻ തീരുമാനിച്ചതെന്നും അമിത് ഷാ അറിയിച്ചു.
പൗരത്വം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്. നടപടികൾ സംസ്ഥാനങ്ങൾ ചെയ്തില്ലെങ്കിൽ അതുകൂടി കേന്ദ്രം ചെയ്യുമെന്നും കേന്ദ്ര സർക്കാർ കൂട്ടിച്ചേർത്തു.

