ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർമാരായി ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാർ, സുഖ് ബീർ സിങ് സന്ധു തുടങ്ങിയവരെ നിയമിച്ചേക്കുമെന്ന് റിപ്പോർട്ട്. കമ്മീഷണർമാരെ നിയമിക്കാനുള്ള ഉന്നതതല സമിതിയിലെ അംഗമായ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ. ഉത്തർപ്രദേശ് സ്വദേശിയാണ് അദ്ദേഹം. എറണാകുളം കലക്ടറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പാർലമെന്ററി കാര്യ സെക്രട്ടറി അടക്കമുള്ള പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
ഉത്തരാഖണ്ഡിലെ ചീഫ് സെക്രട്ടറിയായിരുന്ന സുഖ് ബീർ സിങ് സന്ധു പഞ്ചാബ് സ്വദേശിയാണ്. ഇരുവരെയും നിയമിക്കാനുള്ള തീരുമാനത്തിന് ഉന്നതാധികാര സമിതി ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുകയായിരുന്നു. എന്നാൽ ഇവരുടെ നിയമനത്തെ താൻ എതിർത്തുവെന്നും, വിയോജനക്കുറിപ്പ് നൽകിയെന്നുമാണ് അധീർ രഞ്ജൻ ചൗധരി പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അമിത് ഷാ എന്നിവരാണ് അധീർ രഞ്ജൻ ചൗധരിക്ക് പുറമെ സമിതി യോഗത്തിൽ ഉണ്ടായിരുന്നത്.
പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ അനൂപ് ചന്ദ്ര പാണ്ഡെ, അരുൺ ഗോയൽ എന്നിവരുടെ ഒഴിവിലേക്കാണ്.

