ന്യൂഡൽഹി: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ ശിവസേനയിലേക്ക് ക്ഷണിച്ച് ഉദ്ദവ് താക്കറെ. ബിജെപിയിൽ ഇനിയും അപമാനിതനായി തുടരേണ്ടെന്നും ശിവസേനാ സ്ഥാനാർഥിയാക്കി ജയിപ്പിക്കാമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ക്ഷണത്തോട് ഗഡ്കരി പ്രതികരിച്ചിട്ടില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഗഡ്കരിയെ തഴഞ്ഞേക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെ ഗഡ്ക്കരിയെ ശിവസേനയിലേക്ക് ക്ഷണിച്ചത്. അതിനിടെ മോദിയും അമിത് ഷായുമായി ഗഡ്കരി കൂടിക്കാഴ്ച നടത്തിയിരുന്നു.
ബിജെപി ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയപ്പോൾ മഹാരാഷ്ട്രയിൽ നിന്ന് ഒരു സീറ്റുപോലും ഉണ്ടായിരുന്നില്ല. മുന്നണിയിലെ സീറ്റ് ചർച്ച പൂർത്തിയാകാത്തതായിരുന്നു ഇതിന് കാരണം. ഗഡ്കരിയെ പോലെ മുതിർന്ന നേതാവായ ഒരാൾ പാർട്ടി വിട്ടാൽ അത് മഹാരാഷ്ട്രയിൽ ബിജെപിക്ക് കനത്ത തിരിച്ചടി സൃഷ്ടിക്കും.

