പത്മജ ബിജെപിയിലേക്ക് എത്തിയത് സ്വന്തം ഇഷ്ട പ്രകാരം; സുരേഷ് ഗോപി

തൃശൂർ: കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിൽ പ്രതികരണവുമായി തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. പത്മജ ബിജെപിയിലേക്ക് എത്തിയത് സ്വന്തം ഇഷ്ട പ്രകാരമാണെന്നും ആരും ക്ഷണിച്ച് കൂട്ടിക്കൊണ്ടു വന്നതല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

കേന്ദ്ര നേതൃത്വം പത്മജയുടെ ആഗ്രഹം അംഗീകരിച്ചു, കേന്ദ്ര നേതാക്കൾ പറഞ്ഞാൽ തനിക്കും സ്വീകാര്യം, കെ മുരളീധരനും പത്മജയും ആങ്ങളയും പെങ്ങളുമാണോയെന്ന് അവർ തീരുമാനിക്കട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ താൻ വിജയിച്ചാൽ തൃശൂരിൽ എലിവേറ്റഡ് ഹൈവേ കൊണ്ടുവരുമെന്നും അദ്ദേഹം ഉറപ്പു നൽകി.

സംസ്ഥാനത്ത് നിലവിൽ ഭരണവിരുദ്ധ വികാരമുണ്ട്, അത് പ്രചാരണവേളയിൽ ജനങ്ങളുടെ പെരുമാറ്റത്തിൽ നിന്ന് മനസിലായി, മതപ്രീണനത്തിനില്ല, ബിജെപിയുടെ വോട്ട് ശതമാനം കൂടുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.