കമ്പോളങ്ങളിൽ ഉൽപന്നങ്ങൾക്ക് മികച്ച വില ലഭിക്കാൻ ബ്രാൻഡിംഗ് ആവശ്യം; മുഖ്യമന്ത്രി

തിരുവനന്തപുരം: കമ്പോളങ്ങളിൽ ഉൽപന്നങ്ങൾക്ക് മികച്ച വില ലഭിക്കാൻ ബ്രാൻഡിംഗ് ആവശ്യമാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് കെ റൈസ് വിതരണ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ജയ അരിക്ക് 29 രൂപയും കുറുവ, മട്ട അരിക്ക് 30 രൂപയുമായിരിക്കും വില. കാർഡൊന്നിന് അഞ്ചു കിലോ ഗ്രാം അരി ലഭിക്കും. കിലോഗ്രാമിന് 40.11 രൂപ നിരക്കിൽ വാങ്ങുന്ന അരിയാണ് 11.11 രൂപ കുറച്ച് വിതരണം ചെയ്യുന്നത്. തുണി സഞ്ചിയിലാണ് വിതരണം.

സംസ്ഥാന സർക്കാർ സപ്ലൈകോ വഴി ശബരി കെ- റൈസ് ബ്രാൻഡിൽ വിപണിയിലെത്തിക്കുന്ന അരിയുടെ വിതരണോദ്ഘാടനം അയ്യൻകാളി ഹാളിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മന്ത്രി വി ശിവൻകുട്ടി ആദ്യ വിൽപ്പന നടത്തി.

നമ്മുടെ രാജ്യത്ത് കേരളത്തിനുള്ള പ്രധാന പ്രത്യേകത സുഗന്ധവ്യഞ്ജനങ്ങളുടെ ഉൽപാദനമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതുകൊണ്ട് തന്നെ നമ്മുക്ക് ആവശ്യമായ ഭക്ഷ്യധാന്യം ഇവിടെ ഉൽപാദിപ്പിക്കാൻ കഴിയുന്നില്ല. എന്നാൽ സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയിലൂടെ വലിയ രീതിയിൽ രാജ്യത്തിന് വിദേശ നാണ്യം നേടി കൊടുക്കുന്ന സംസ്ഥാനമെന്ന നിലയ്ക്ക് സംസ്ഥാനത്തിന്റെ ഭക്ഷ്യധാന്യ കുറവ് തങ്ങൾ നികത്തുമെന്നാണ് നേരത്തെ കേന്ദ്ര ഗവൺമെന്റ് പറഞ്ഞിരുന്നത്. എന്നാൽ അത് ഇപ്പോൾ പാലിക്കുന്നില്ല. പകരം ലഭിച്ചിരുന്ന ഭാക്ഷ്യധാന്യം പോലും വെട്ടിക്കുറയ്കുകയാണ് ചെയ്യുന്നത്. ദേശീയ ഭക്ഷ്യ സുരക്ഷ നിയമത്തിന് ശേഷം ഭക്ഷ്യധാന്യം നൽകുന്നതിൽ രണ്ട് ലക്ഷം ടണിന്റെ കുറവ് സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.