ന്യൂഡൽഹി: സംസ്ഥാനത്തിന് 5000 കോടി രൂപ നൽകാമെന്ന കേന്ദ്ര നിർദ്ദേശം തള്ളി കേരളം. അയ്യായിരം പോര പതിനായിരം കിട്ടിയേ പറ്റൂവെന്ന നിലപാടിലാണ് കേരളം. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേരളത്തിന് അധിക വായ്പ എടുക്കുന്നത് സംബന്ധിച്ച നിലപാട് സുപ്രീം കോടതിയിൽ വ്യക്തമാക്കിയപ്പോഴാണ് 5000 കോടി നൽകാമെന്ന് കേന്ദ്രം വ്യക്തമാക്കിയത്.
അത് അടുത്ത വർഷത്തെ പരിധിയിൽ കുറവുചെയ്യുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേരളം വഴികണ്ടെത്തണമെന്നും കേന്ദ്രം അറിയിച്ചിരുന്നു. എന്നാൽ, കേരളം പതിനായിരം കോടി ഉടൻ കിട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ നിലപാട് സംസ്ഥാനത്തിന്റെ അവകാശം ഹനിക്കുന്നതാണെന്നാണ് കേരളം അറിയിച്ചത്.
കേന്ദ്രം വാഗ്ദാനം ചെയ്ത പണം വാങ്ങിക്കൂടേയെന്ന് കോടതി കേരളത്തോട് ചോദിച്ചിരുന്നു. തുടർന്ന് വിഷയത്തിൽ വിശദമായ വാദം കേൾക്കണമെന്ന് കേരളം കോടതിയോട് ആവശ്യപ്പെട്ടു. മാർച്ച് 21 ന് കേസ് വീണ്ടും പരിഗണിക്കണമെന്ന് കോടത വ്യക്തമാക്കി. അന്ന് കേസിൽ കോടതി വിശദമായ വാദം കേൾക്കും.

