തിരുവനന്തപുരം: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി കോൺഗ്രസിനെതിരെ രംഗത്തെത്തിയത്. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ജയിപ്പിച്ചാൽ അവർ ബിജെപിയായി മാറില്ലേയെന്ന് അദ്ദേഹം ചോദിച്ചു. ഇന്ന് കോൺഗ്രസ് ആയവർ നാളെ കോൺഗ്രസ് ആയിരിക്കും എന്ന് എങ്ങനെ വിശ്വസിക്കുമെന്നും എത്രപേർ വിലപേശൽ നടത്തുന്നുണ്ടാവുമെന്നും അദ്ദേഹം ചോദിക്കുന്നു. എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യം സംരക്ഷിക്കുന്നതിന് പാർലമെന്റിൽ എൽഡിഎഫ് വേണം. കോൺഗ്രസിന്റെ ഐടി സെൽ മേധാവി ആദ്യം ബിജെപിയിൽ പോയി. ഇപ്പോൾ വേറൊരാളും അങ്ങോട്ടുപോയി. ഇവർ രണ്ടുപേരും കേരളത്തിലെ കോൺഗ്രസിലെ പ്രധാന നേതാക്കളുടെ മക്കളാണ്. ഇവരെ തീറ്റിപ്പോറ്റിയത് ബിജെപിയിലേക്ക് അയയ്ക്കാനായിരുന്നോ. വേണ്ടിവന്നാൽ താൻ ബിജെപിയാകും എന്ന് പറയാൻ കെപിസിസി പ്രസിഡന്റ് ആയിരിക്കുന്ന ഒരാൾ തയാറാവുകയെന്നു പറഞ്ഞാൽ എന്തൊരു അവസ്ഥയാണെന്ന് അദ്ദേഹം പരിഹസിച്ചു.
വന്യജീവി ആക്രമണം ശരിയായി പരിഹരിക്കണമെങ്കിൽ വന്യജീവി നിയമങ്ങളിൽ മാറ്റം വേണം. ഇന്ദിരാ ഗാന്ധിയുടെ കാലത്താണ് ഈ നിയമങ്ങൾ ഉണ്ടാക്കിയത്. ജയറാം രമേശ് അത് കൂടുതൽ ശക്തമാക്കി. ഈ നിയമങ്ങൾ ഭേദഗതി ചെയ്യണം എന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അത് പറ്റില്ലെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. കോൺഗ്രസ് കൊണ്ടുവന്ന നിയമം ബിജെപി സംരക്ഷിക്കുന്നു. ഇവിടെ മനുഷ്യന് വിലയില്ലാത്ത അവസ്ഥയാണ്. മനുഷ്യന് പ്രാധാന്യം നൽകിയുള്ള ഭേദഗതി വേണം. കോൺഗ്രസ് പിന്തുണയോടെ പാർലമെന്റിൽ എത്തിയ 18 എംപിമാരിൽ ആരെങ്കിലും ഭേദഗതിക്കായി പാർലമെൻറിൽ വാദിച്ചോ. വയനാട് എംപി രാഹുൽ ഗാന്ധി ഒരു തവണയെങ്കിലും ഇക്കാര്യം പാർലമെന്റിൽ ഉന്നയിച്ചോ. സംസ്ഥാന സർക്കാർ പരിധിക്കുള്ളിൽ നിന്ന് എല്ലാം ചെയ്യുന്നുണ്ടെന്നും എന്നാൽ നിയമഭേദഗതിയാണ് ആവശ്യമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

