ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജി വച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്താഴ്ച നടക്കാനിരിക്കെ, അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം. രാഷ്ട്രപതി അദ്ദേഹത്തിന്റെ രാജി അംഗീകരിച്ചു. രാജിയുടെ കാരണം വ്യക്തമല്ല., മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ മാത്രമാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷനിൽ അവശേഷിക്കുന്നത്.
നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷണർ അനൂപ് ചന്ദ്ര പാണ്ഡെ വിരമിച്ചിരുന്നു. ഫെബ്രുവരിയിലാണ് അദ്ദേഹം വിരമിച്ചത്. അരുൺ ഗോയൽ രാജി വെച്ചതോടെ അടുത്താഴ്ച തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്ന കാര്യം സംശയമാണ്. 1985 ബാച്ച് പഞ്ചാബ് കേഡർ ഐഎഎസ് ഓഫിസറാണ് അരുൺ ഗോയൽ. 2022ലാണ് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായത്. അദ്ദേഹത്തിന്റെ നിയമനത്തിനെതിരെ സുപ്രീംകോടതിയിൽ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഹർജി നൽകിയിരുന്നു.
കേന്ദ്ര ഘനവ്യവസായ സെക്രട്ടറിയായിരുന്ന അരുൺ ഗോയൽ 2022 നവംബർ 18നാണ് വിആർഎസ് എടുത്തത്. ഒരുദിവസത്തിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കപ്പെടുകയും ആയിരുന്നു. നിയമനത്തിൽ ധൃതി കാട്ടിയതിനെ സുപ്രീം കോടതി വിമർശിക്കുകയും ചെയ്തിരുന്നു. ഗോയലിന്റെ നിയമനത്തിന് എതിരായ ഹർജി രണ്ടംഗ ബഞ്ച് പിന്നീട് തള്ളിയിരുന്നു. 2027 വരെയായിരുന്നു ഗോയലിന്റെ നിയമന കാലാവധി.

