തിരുവനന്തപുരം: കോൺഗ്രസ് നേതാവും ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ കെ മുരളീധരനെതിരെ വിവാദ പ്രസ്താവനയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എല്ലായിടത്തും തോൽപ്പിക്കാൻ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡി ആണ് കെ മുരളീധരൻ എന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രസ്താവനയാണ് വിവാദത്തിൽ ആയിരിക്കുന്നത്. സ്വന്തം മാതാവിനെ ആക്ഷേപിച്ച കോൺഗ്രസിലെ സാമൂഹിക വിരുദ്ധരെ തള്ളി പറയാൻ പോലും കെ മുരളീധരൻ തയ്യാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് എൻഡിഎ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
കഴിഞ്ഞദിവസവും കെ മുരളീധരനെതിരെ സുരേന്ദ്രൻ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കോൺഗ്രസിലെ യജമാനന്മാർക്ക് തട്ടി കളിക്കാനുള്ള വെറും കളിപ്പാവ മാത്രമാണ് മുരളീധരൻ എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇനി ഏതെങ്കിലും തെരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ മുരളീധരൻ ഒരിക്കൽ കൂടി പാർട്ടി മാറേണ്ടി വരുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണ്ണരൂപം :
കെ. മുരളീധരനും പത്മജാ വേണുഗോപാലും ലീഡർ കെ. കരുണാകരന്റെ മക്കളാണെന്നുള്ളത് ആർക്കും നിഷേധിക്കാനാവാത്ത സത്യം. രാഷ്ട്രീയം എന്തുമാവട്ടെ രണ്ടുപേരും ഒരേ വിശുദ്ധമാതാവിന്റെ ഉദരത്തിൽ പിറന്ന രണ്ടു മക്കൾ. ആ സത്യത്തിനെതിരെയാണ് കഴിഞ്ഞ ദിവസം രാഷ്ട്രീയത്തിലെ ഒരു സാമൂഹ്യവിരുദ്ധൻ അതും പക്കാ വ്യാജൻ അമേദ്യജല്പനം നടത്തിയത്. ലീഡറേയും കുടുംബത്തേയും സ്നേഹിക്കുന്ന എല്ലാവരും അത് നീചമായ നടപടി എന്നാണ് കരുതിയത്. എന്നാൽ മക്കളിലൊരാളായ മുരളീധരൻ അതിലൊരനൗചിത്യവും കണ്ടില്ലെന്നതാണ് ഏറ്റവും ദുഖകരം. രമേശ് ചെന്നിത്തല കാണിച്ച ഔചിത്യബോധം പോലും മുരളീധരനുണ്ടായില്ല. നാലുവോട്ടിനുവേണ്ടി സ്വന്തം ജനിതകസ്വത്വം പോലും അവിശ്വസിക്കുന്ന അപൂർവ്വജന്മം.

